40 കനേഡിയൻ നയതന്ത്ര പ്രതിനിധികളോട് രാജ്യം വിടാൻ ഇന്ത്യ
Wednesday, October 4, 2023 1:38 AM IST
ന്യൂഡൽഹി: ഖലിസ്ഥാൻ ഭീകരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഇന്ത്യ-കാനഡ നയതന്ത്ര തർക്കം പുതിയ തലത്തിലേക്ക്. ഈ മാസം പത്തിനു മുന്പായി 40 കനേഡിയൻ നയതന്ത്രപ്രതിനിധികൾ രാജ്യം വിടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
റാങ്കിലും ശക്തിയിലും തുല്യതയില്ലാത്തതിനാൽ നയതന്ത്രപ്രതിനിധികളുടെ എണ്ണം കുറയ്ക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. കാനഡയ്ക്ക് 62 നയതന്ത്ര പ്രതിനിധികളാണ് ഇന്ത്യയിലുള്ളത്. ഇത് 41 ആയി കുറയ്ക്കണമെന്ന് ഇന്ത്യ നേരത്തേ ആവശ്യപ്പെട്ടിരുന്നു.
ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നിൽ ഇന്ത്യയാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ പ്രസ്താവന നടത്തിയതോടെയാണ് ഇന്ത്യ-കാനഡ ബന്ധത്തിൽ വിള്ളലുണ്ടായത്. ജി 20 സമ്മേളനത്തിന് ഇന്ത്യയിലെത്തി മടങ്ങിയശേഷമാണ് ട്രൂഡോ പ്രസ്താവന നടത്തിയത്.
പ്രധാനമന്ത്രിയുടെ പ്രസ്താവനയെ പിൻതാങ്ങിയ വിദേശകാര്യമന്ത്രി, ഇന്ത്യയുടെ മുതിർന്ന നയതന്ത്ര പ്രതിനിധിയെ പുറത്താക്കി. ആ റാങ്കിലെ കനേഡിയൻ നയതന്ത്രപ്രതിനിധിയെ പുറത്താക്കി ഇന്ത്യ അതേ രീതിയിൽ തിരിച്ചടിച്ചു. കാനഡക്കാർക്ക് വീസ നൽകുന്നത് സെപ്റ്റംബർ 18 മുതൽ ഇന്ത്യ നിർത്തിവച്ചിരിക്കുകയാണ്.