മൂന്ന് ഇന്ത്യക്കാർക്ക് യുഎസിൽ ഉന്നത പദവി
Thursday, January 17, 2019 11:50 PM IST
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ വംശജരായ മൂന്നു പേർക്ക് ട്രംപ് ഭരണകൂടത്തിൽ ഉന്നത പദവി. റിത ബാരൻവാളിനെ ഊർജ വകുപ്പിലെ അണുശക്തി വിഭാഗത്തിന്റെ അസിസ്റ്റന്റ് സെക്രട്ടറിയായും ആദിത്യ ബാംസായിയെ സ്വകാര്യതയും പൗരാവകാശവും ഉറപ്പുവരുത്താനുള്ള ബോർഡിലെ അംഗമായും ബിമൽ പട്ടേലിനെ ട്രഷറി അസിസ്റ്റന്റ് സെക്രട്ടറിയായും പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാമനിർദേശം ചെയ്തു.
ഗേറ്റ്വേ ഫോർ ആക്സിലറേറ്റഡ് ഇന്നവേഷൻ ഇൻ ന്യൂക്ലിയൻ എനർജിയുടെ ഡയറക്ടറാണ് റിത ഇപ്പോൾ. നിയമന ശിപാർശ സെനറ്റ് അംഗീകരിച്ചാൽ അണുശക്തി വകുപ്പിന്റെ മുഴുവൻ ചുമതലയും ഇവർക്കായിരിക്കും.
യെയ്ൽ യൂണിവേഴ്സിറ്റിയിൽ പഠിച്ച ആദിത്യ ബാംസായി സിവിൽ നടപടിക്രമങ്ങൾ, ഭരണവുമായി ബന്ധപ്പെട്ട നിയമങ്ങൾ, കോടതി, ദേശീയ സുരക്ഷാ നിയമം, കംപ്യൂട്ടർ കുറ്റകൃത്യങ്ങൾ തുടങ്ങിയവയെക്കുറിച്ച് പഠിപ്പിക്കുകയും എഴുതുകയും ചെയ്യുന്നു.
ബിമൽ പട്ടേൽ ട്രഷറി വകുപ്പിലെ സാന്പത്തിക സുസ്ഥിരതാ മേൽനോട്ട സമിതിയിൽ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയാണ്.
മൂന്നു ഡസനിലധികം ഇന്ത്യൻ വംശജർക്കാണ് ട്രംപ് ഭരണകൂടത്തിൽ ഉന്നത പദവി ലഭിച്ചിരിക്കുന്നത്.
രാജാ കൃഷ്ണമൂർത്തി ഇന്റലിജൻസ് സമിതിയിൽ

യുഎസ് കോൺഗ്രസിലെ ഇന്റലിജൻസ് സമിതിയിലേക്ക് ഇന്ത്യൻ വംശജനായ രാജാ കൃഷ്ണമൂർത്തി നിയമിക്കപ്പെട്ടു. അമേരിക്കയുടെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സമിതിയിൽ ഇതാദ്യമായാണ് തെക്കനേഷ്യൻ വംശജനായ ഒരാൾ അംഗമാകുന്നത്. പ്രതിപക്ഷ ഡെമോക്രാറ്റ് പാർട്ടിക്കാരനാണ്. ഇല്ലിനോയ് സംസ്ഥാനത്തുനിന്നാണ് കോൺഗ്രസ് അംഗമായത്.