കയ്റോ സ്ഫോടനത്തിൽ 20 മരണം
Tuesday, August 6, 2019 12:20 AM IST
കയ്റോ: കയ്റോയിലെ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിനു സമീപം മൂന്നു കാറുകൾ കൂട്ടിമുട്ടിയതിനെത്തുടർന്നുണ്ടായ സ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെട്ടു. 47 പേർക്കു പരിക്കേറ്റിട്ടുണ്ട്.ഞായറാഴ്ച അർധരാത്രിയോടെയാണ് നൈൽ നദീ തീരത്തുള്ള കാൻസർ ആശുപത്രിക്കു സമീപം സ്ഫോടനമുണ്ടായത്.
ആശുപത്രിക്കെട്ടിടത്തിനു സാരമായ നാശമുണ്ടായി. ആശുപത്രിയിലെ 45 രോഗികളെ മറ്റ് ആശുപത്രികളിലേക്കു മാറ്റി. ഇതുവരെ 20 മൃതദേഹങ്ങൾ കിട്ടിയതായി പോലീസ് സ്ഥിരീകരിച്ചു. നൈൽ നദിയിൽ ആരെങ്കിലും വീണിട്ടുണ്ടോ എന്നറിയാൻ തെരച്ചിൽ നടത്തുന്നുണ്ട്. സ്ഫോടനത്തിനിടയാക്കിയ കാർ അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു.
കയ്റോയിലെ കാൻസർ ആശുപത്രിക്കു മുന്നിലുണ്ടായ സ്ഫോടനം ഭീകരാക്രമണം തന്നെയാണെന്ന് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദൽ ഫത്താ അൽസിസി പറഞ്ഞു. സ്ഫോടനത്തിൽ തകർന്ന കാറിൽ സ്ഫോടകവസ്തുക്കൾ ഉണ്ടായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. മുസ്ലിം ബ്രദർഹുഡുമായി ബന്ധമുള്ള ഹാസെം ഗ്രൂപ്പിനെയാണു സംശയം.