ബ്രെക്സിറ്റ് കരാർ: സാധ്യത മങ്ങുന്നു
Wednesday, October 9, 2019 12:44 AM IST
ലണ്ടൻ: യൂറോപ്യൻ യൂണിയനുമായി ബ്രെക്സിറ്റ് സംബന്ധിച്ചു കരാറുണ്ടാക്കാനുള്ള സാധ്യത മങ്ങി. പ്രധാനമന്ത്രി ബോറീസ് ജോൺസൻ ജർമൻ ചാൻസലർ ആംഗല മെർക്കലുമായി നടത്തിയ ഫോൺ സംഭാഷണത്തെത്തുടർന്നു ജോൺസന്റെ ഓഫീസ് തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചത്.
വടക്കൻ അയർലൻഡ് ഇയു കസ്റ്റംസ് നിയമങ്ങൾ തുടർന്നും പാലിക്കണമെന്ന മെർക്കലിന്റെ നിർദേശമാണ് ബ്രിട്ടനെ ചൊടിപ്പിച്ചത്. കരാറില്ലാതെ ഒക്ടോബർ 31ന് ബ്രെക്സിറ്റ് നടപ്പാക്കാനുള്ള സാധ്യതയേറി. കരാറില്ലാ ബ്രെക്സിറ്റ് പാടില്ലെന്നു പാർലമെന്റ് പാസാക്കിയ നിയമം എങ്ങനെയാണു മറികടക്കുക എന്ന കാര്യത്തിൽ വ്യക്തതയില്ല. യൂറോപ്പിന്റെയും യുകെയുടെയും ഭാവി വച്ചാണു ജോൺസൻ കളിക്കുന്നതെന്നു യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ഡോണൾഡ് ടസ്ക് ആരോപിച്ചു