കലിഫോർണിയ വെടിവയ്പിൽ നാലു മരണം
Monday, November 18, 2019 11:25 PM IST
ലോസ്ആഞ്ചലസ്: കലിഫോർണിയയിലെ ഫ്രെൻസോ നഗരത്തിൽ അക്രമി നടത്തിയ വെടിവയ്പിൽ നാലു പേർ കൊല്ലപ്പെട്ടു. ഒരു വീടിന്റെ മുറ്റത്ത് പാർട്ടിയിൽ പങ്കെടുത്തുകൊണ്ടിരിക്കുന്നവരുടെ നേർക്ക് അക്രമി നിറയൊഴിക്കുകയായിരുന്നു.
ടിവിയിൽ ഫുട്ബോൾ മാച്ച് വീക്ഷിച്ചുകൊണ്ടിരുന്നവരാണ് ആക്രമിക്കപ്പെട്ടത്. ഞായറാഴ്ചയാണു സംഭവം. പത്തുപേർക്കു വെടിയേറ്റെന്നും നാലു പേർ മരിച്ചെന്നും പോലീസ് ഡെപ്യൂട്ടി മേധാവി മൈക്കൽ റീഡ് പറഞ്ഞു. വെടിവയ്പിനുശേഷം അക്രമി പലായനം ചെയ്തു. അന്വേഷണം നടത്തിവരികയാണെന്നു റീഡ് വ്യക്തമാക്കി. വെടിവയ്പു നടക്കുന്ന സമയത്ത് 35 പേരോളം സ്ഥലത്തുണ്ടായിരുന്നു.