വിദേശവനിതയെ കയറിപ്പിടിച്ച ഇന്ത്യക്കാരനു ദുബായിൽ തടവുശിക്ഷ; നാടു കടത്തും
Wednesday, January 29, 2020 12:19 AM IST
ദുബായ്: ഷോപ്പിംഗ് മാളിൽവച്ചു വിദേശവനിതയെ കയറിപ്പിടിച്ച ഇന്ത്യക്കാരനു ദുബായിൽ തടവുശിക്ഷ. കഴിഞ്ഞ ഓഗസ്റ്റ് രണ്ടിനു നടന്ന സംഭവത്തിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ മുപ്പത്തിമൂന്നുകാരനായ യുവാവിന് മൂന്നു മാസം ജയിൽശിക്ഷയാണു വിധിച്ചിരിക്കുന്നത്. ശിക്ഷയ്ക്കുശേഷം ഇയാളെ നാടുകടത്തുമെന്ന് അധികൃതർ അറിയിച്ചു.
കുട്ടികൾക്കും അമ്മയ്ക്കുമൊപ്പം ഷോപ്പിംഗ് മാളിലെത്തിയ മുപ്പത്തിയഞ്ചുകാരിയായ സിറിയൻ യുവതിക്കാണു ദുരനുഭവമുണ്ടായത്്. കുട്ടികൾക്കു കളിപ്പാട്ടം വാങ്ങാൻ കടയിലെത്തിയപ്പോൾ യുവാവ് തുറിച്ചുനോക്കുന്നതു ശ്രദ്ധയിൽപ്പെട്ടു. യുവതി ശബ്ദമുയർത്തിയപ്പോൾ യുവാവ് ഇവരെ സ്പർശിക്കാൻ ശ്രമിച്ചു.
യുവതി ബഹളം വച്ചതോടെ മാളിലെ കച്ചവടക്കാരും ആളുകളും ഓടിയെത്തി പ്രതിയെ പിടികൂടി അൽ റഷീദിയ പോലീസിൽ ഏല്പിച്ചു. ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ബോധപൂർവമാണ് ഇയാൾ യുവതിയെ സ്പർശിച്ചതെന്നു കണ്ടെത്തിയാണു കോടതി ശിക്ഷ വിധിച്ചത്.