ബ്രെക്സിറ്റിനു ശേഷം 68 വർഷമായി ബ്രിട്ടനിൽ താമസിക്കുന്നയാൾ പൗരത്വം തെളിയിക്കണമെന്ന്
Wednesday, February 19, 2020 12:16 AM IST
ലണ്ടൻ: 68 വർഷമായി ബ്രിട്ടനിൽ കഴിയുന്ന ഇറ്റാലിയൻ വംശജൻ പൗരത്വം തെളിയിക്കണമെന്നാവശ്യം. 1952ൽ കുടിയേറിയ അന്റോണിയോ ഫിനെല്ലി എന്ന തൊണ്ണൂറ്റഞ്ചുകാരനാണ് ഈ ദാരുണാവസ്ഥ നേരിടുന്നത്. 32 വർഷമായി ബ്രിട്ടീഷ് സർക്കാരിന്റെ പെൻഷൻ വാങ്ങുന്നയാൾകൂടിയാണ് ഇദ്ദേഹം.
ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്നു വേർപ്പെട്ട (ബ്രെക്സിറ്റ്) സാഹചര്യത്തിൽ, രാജ്യത്ത് തുടർന്നും താമസിക്കാൻ അനുമതി ആവശ്യപ്പെട്ട് ഫിനെല്ലി അപേക്ഷ നല്കിയപ്പോൾ മുതലാണ് പ്രശ്നം തുടങ്ങിയത്. ഇദ്ദേഹത്തിന്റെ രേഖകളൊന്നും ലഭ്യമല്ലെന്നാണ് ആഭ്യന്തരവകുപ്പിന്റെ ആപ്പ് പറയുന്നത്. അഞ്ചു വർഷം തുടർച്ചയായി ബ്രിട്ടനിൽ താമസിച്ചിരുന്നു എന്നു തെളിയിക്കുന്ന രേഖകളാണു വേണ്ടത്.
രണ്ടാം ലോകമഹായുദ്ധാനന്തരം ബ്രിട്ടന്റെ പുനരുദ്ധാരണത്തിനായി കുടിയേറിയ തൊഴിലാളികളിൽ ഒരാളാണ് ഫിനെല്ലി. 1918നും 57നും ഇടയ്ക്ക് രാജ്യത്തെത്തിയവർക്ക് ബ്രിട്ടൻ നല്കിയ കുടിയേറ്റ സർട്ടിഫിക്കറ്റ് ഇദ്ദേഹത്തിന്റെ പക്കലുണ്ട്. ആഭ്യന്തരവകുപ്പിന് പിഴവ് സംഭവിച്ചതാണെന്ന് ഫിനെല്ലി പറയുന്നു.
ഫിനെല്ലിയെപ്പോലെ പല കുടിയേറ്റക്കാരും വയസുകാലത്ത് ഇത്തരം പ്രശ്നങ്ങൾ നേരിടുന്നുണ്ട്. നൂറ്റിയൊന്നു വയസുകാരനായ ജിയോവാനി പൽമീറോയ്ക്ക് കഴിഞ്ഞയാഴ്ച കിട്ടിയ നോട്ടീസ് ഏറെ വിചിത്രമാണ്. ചെറിയ കുട്ടിയായിരിക്കുന്പോൾ ഇറ്റലിയിൽനിന്നു ബ്രിട്ടനിലെത്തിയ അദ്ദേഹത്തിന് ഇപ്പോഴും ഒരു വയസേയുള്ളു എന്നാണ് ആഭ്യന്തരവകുപ്പിന്റെ ‘കണ്ടെത്തൽ’. ബ്രിട്ടനിൽ തുടർന്നും താമസിക്കാൻ ജിയോവാനിയുടെ മാതാപിതാക്കൾ അപേക്ഷ നൽകണമെന്നാണു നിർദേശം.