കോവിഡ് പ്രതിസന്ധി: ജർമൻ മന്ത്രി ജീവനൊടുക്കി
Monday, March 30, 2020 12:10 AM IST
ഫ്രാങ്ക്ഫർട്ട്: കോവിഡ് -19 വ്യാപനത്തെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ മനം തകർന്ന് ജർമനിയിലെ ഹെസെ സംസ്ഥാനത്തെ ധനകാര്യമന്ത്രി ജീവനൊടുക്കി. അമ്പത്തിനാലുകാരനായ തോമസ് ഷെയ്ഫറെ റെയിൽവേ ട്രാക്കിനു സമീപം മരിച്ചനിലയിൽ കണ്ടെത്തിയതായി ഹെസെ മുഖ്യമന്ത്രി വോൾക്കർ ബൂഫിയറാണ് അറിയിച്ചത്.
പ്രമുഖ ധനകാര്യ സ്ഥാപനങ്ങളായ ഡോയിഷ് ബാങ്ക്, കമേഴ്സ് ബാങ്ക് തുടങ്ങിയവയുടെ ഹെഡ് ഓഫീസ് സ്ഥിതിചെയ്യുന്ന ഫ്രാങ്ക്ഫർട്ട് ജർമനിയുടെ സാമ്പത്തിക തലസ്ഥാനമായിട്ടാണ് അറിയപ്പെടുന്നത്. യൂറോപ്യൻ സെൻട്രൽബാങ്കും ഇവിടെയാണ്. മഹാരോഗത്തിന്റെ തിക്തഫലത്തിൽനിന്നു കരകയറുന്നതിന് കമ്പനികളെയും ജീവനക്കാരെയും സഹായിക്കുന്നതിന് ധനമന്ത്രി ഷെയ്ഫർ രാപകലില്ലാതെ പ്രവർത്തിച്ചുവരുകയായിരുന്നുവെന്ന് ബൂഫിയർ പറഞ്ഞു. കഴിഞ്ഞ പത്തു വർഷമായി ഷെയ്ഫറായിരുന്നു ഹെസെയിലെ ധനമന്ത്രി.