തുർക്കിക്കെതിരേ നിലപാട് കടുപ്പിച്ച് സൈപ്രസും ഗ്രീസും
Monday, July 27, 2020 11:41 PM IST
ഏഥൻസ്: ഈസ്റ്റ് മെഡിറ്ററേനിയൻ കടലിൽ സൈപ്രസിനും ഗ്രീസിനും അവകാശപ്പെട്ട സ്ഥലത്ത് എണ്ണ പര്യവേക്ഷണം നടത്തുന്ന തുർക്കിക്കെതിരേ ഉപരോധം ആവശ്യപ്പെട്ട് സൈപ്രസും ഗ്രീസും. തുർക്കിയുടെ നീക്കത്തിനെതിരെ ജർമനിയും ഫ്രാൻസും രംഗത്തെത്തിയിരുന്നു.
അതേസമയം, പ്രശ്നപരിഹാരത്തിനായി സ്പെയിൻ രംഗത്തെത്തിയിട്ടുണ്ട്. സ്പെയിൻ വിദേശകാര്യ മന്ത്രി അരാഞ്ച ഗോണ്‍സാലെസ് ലയയും തുർക്കി വിദേശകാര്യമന്ത്രി മെവ്ലുത് കാവുസോഗ് ലുവും ഇന്നലെ ചർച്ച നടത്തിയിരുന്നു. ഒരു മാസം എണ്ണ പര്യവേക്ഷണ പ്രവർത്തനങ്ങൾ നിർത്തിവച്ചാൽ ചർച്ചയ്ക്ക് അനുകൂലമായസാഹചര്യമൊരുങ്ങുമെന്നു സ്പെയിൻ വിദേശകാര്യ മന്ത്രി പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ അനുകൂലമായി തുർക്കി വിദേശകാര്യമന്ത്രി പ്രതികരിച്ചില്ല.
ഈസ്താംബുളിലെ ഹാഗിയ സോഫിയ ബസിലിക്ക തുർക്കി സർക്കാർ മോസ്കാക്കി മാറ്റിയ നടപടിയിൽ ഗ്രീസിൽ പ്രതിഷേധം അലയടിക്കുകയാണ്.