യൂറോപ്പിൽനിന്ന് സേനാംഗങ്ങളെ യുഎസ് പിൻവലിക്കുന്നു
Thursday, July 30, 2020 12:52 AM IST
വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ നിർദേശപ്രകാരം ജർമനിയിൽ നിന്ന് 6,400 സൈനികരെ പെന്റഗൺ തിരിച്ചുവിളിക്കുന്നു. ഇതിനുപുറമേ 5,400 സൈനികരെ യൂറോപ്പിലെ മറ്റു രാജ്യങ്ങളിലേക്കു വിന്യസിക്കുകയും ചെയ്യും. കോടിക്കണക്കിനു ഡോളർ ചെലവുവരുന്ന പ്രക്രിയ പൂർത്തിയാകാൻ ഏറെ നാളുകൾ വേണ്ടിവരുമെന്നും പെന്റഗൺ വ്യക്തമാക്കി.
ഈ മാസംതന്നെ സേനകളെ തിരിച്ചുവിളിക്കുന്നതിനു തുടക്കംകുറിക്കും. കാൽലക്ഷത്തോളം യുഎസ് സൈനികരെയാണ് ഇങ്ങനെ തിരിച്ചുവിളിക്കുക. യൂറോപ്പിലേക്കു സൈനികരെ കൊണ്ടുവരിക എന്നതിലൂടെ പോളണ്ടിൽ യുഎസ് സേനാസാന്നിധ്യം വർധിപ്പിക്കുക എന്ന ദീർഘകാല പദ്ധതി പ്രാവർത്തികമാക്കാനാകുമെന്നാണു പെന്റഗണിന്റെ പ്രതീക്ഷ.
അതേസമയം, ജർമനിയിൽനിന്നു സേനയെ പിൻവലിക്കാനുള്ള ട്രംപിന്റെ തീരുമാനം റഷ്യക്കു ഗുണം ചെയ്യുമെന്നും രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്നും റിപ്പബ്ലിക്കൻ അംഗങ്ങൾതന്നെ വിമർശനം ഉയർത്തിയിട്ടുണ്ട്.