കമലയുടെ പൗരത്വം: സംശയം ഉന്നയിച്ച് ഡോണൾഡ് ട്രംപ്
Friday, August 14, 2020 10:59 PM IST
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ വംശജയായ കമല ഹാരിസിനു യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാൻ യോഗ്യതയുണ്ടോ എന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഇന്ത്യയിൽനിന്നുള്ള അമ്മ ശ്യാമള ഗോപാലനും ജമൈക്കയിൽനിന്നുള്ള ആഫ്രിക്കൻ വംശജനായ പിതാവ് ഡോണൾഡ് ഹാരിസിനും ജനിച്ച കമലയുടെ യോഗ്യതയെക്കുറിച്ച് ചില നിയമവിദഗ്ധർ സംശയം ഉന്നയിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണു ട്രംപിന്റെ അഭിപ്രായപ്രകടനം.
കമല ജനിച്ച സമയത്ത് മാതാപിതാക്കൾക്കു യുഎസിൽ സ്ഥിരതാമസത്തിന് അനുമതി ഇല്ലായിരുന്നു. പഠനവീസയിലായിരുന്ന ഇരുവരും സ്വന്തം രാജ്യങ്ങളിലെ പൗരത്വം ഉപേക്ഷിച്ചിരുന്നില്ല. ഇതു കമലയ്ക്ക് അയോഗ്യത ഉണ്ടാക്കിയേക്കാമെന്നാണു ചിലരുടെ അഭിപ്രായം.
അതേസമയം, നിയമവിദഗ്ധരിൽ ചിലർ ഈ അഭിപ്രായത്തെ ബാലിശമെന്നു പറഞ്ഞു തള്ളിക്കളയുന്നു. കമല ജനിച്ചത് യുഎസിലാണ്. അതിനാൽ സ്വാഭാവികമായും യുഎസ് പൗരത്വമുണ്ട്. യുഎസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികളിൽ മത്സരിക്കാൻ വേണ്ട മറ്റു യോഗ്യതകളായ കുറഞ്ഞത് 35 വയസ് പ്രായം, 14 വർഷമായി യുഎസിൽ സ്ഥിരതാമസം എന്നിവയും കമലയ്ക്കുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.