ബൈഡന്റെ പ്രചാരണക്കന്പനിയെ റഷ്യൻ ഹാക്കർമാർ ലക്ഷ്യമിട്ടു
Friday, September 11, 2020 12:07 AM IST
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡന്റെ പ്രചാരണച്ചുമതലയുള്ള സ്ഥാപനത്തെ റഷ്യൻ ഹാക്കർമാർ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്.
വാഷിംഗ്ടൺ ഡിസിയിൽ പ്രവർത്തിക്കുന്ന എസ്കെഡികെ നിക്കർബോക്കർ എന്ന സ്ഥാപനത്തിന്റെ കംപ്യൂട്ടറിൽ നുഴഞ്ഞുകയറാനുള്ള ശ്രമം വിജയിച്ചില്ല. റഷ്യൻ സർക്കാരിന്റെ പിന്തുണയുള്ള ഹാക്കർമാരാണ് ആക്രമണത്തിനു ശ്രമിച്ചത്. ടെക് ഭീമൻ മൈക്രോസോഫ്ട് ആണ് ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പു നല്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ആരോപണം വെറും അസംബന്ധമാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചു.
2016ലെ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ഹില്ലരി ക്ലിന്റണിന്റെ പരാജയം ഉറപ്പുവരുത്താൻ റഷ്യൻ ഹാക്കർമാർ ശ്രമിച്ചതായി സ്പെഷൻ കോൺസൽ റോബർട്ട് മുള്ളറും സെനറ്റ് ഇന്റലിജൻസ് കമ്മിറ്റിയും കണ്ടെത്തിയിരുന്നു.