പാക്കിസ്ഥാനിലെ മതപഠനകേന്ദ്രത്തിൽ സ്ഫോടനം; 18 മരണം
Tuesday, October 27, 2020 11:47 PM IST
പെഷവാർ: പാക്കിസ്ഥാനിൽ ഇസ്ലാം മതപഠനകേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ 18 പേർ മരിച്ചു. 120 പേർക്കു പരിക്കേറ്റു. ഇന്നലെ രാവിലെ 8.30 നാണ് ദിർ കോളനിയിലെ മോസ്കിൽ സ്ഫോടനമുണ്ടായത്. മോസ്ക് മതപഠനകേന്ദ്രമായും ഉപയോഗിക്കുന്നുണ്ട്. വിദ്യാർഥികൾ ഖുറാൻ പാരായണം നടത്തിക്കൊണ്ടിരിക്കേയാണു സ്ഫോടനമുണ്ടായതെന്നു പെഷവാർ പോലീസ് മേധാവി മുഹമ്മദ് അലി ഖാൻ പറഞ്ഞു.
അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പ്രദേശത്തുണ്ടായ സ്ഫോടനത്തിന്റെ ഉത്തരാവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. കെട്ടിടത്തിനു സമീപത്ത് ഐഇഡി സ്ഫോടകവസ്തു നിറച്ച ബാഗ് വച്ചാണു സ്ഫോടനം നടത്തിയതെന്ന് പോലീസ് അറിയിച്ചു. ഏഴു മുതൽ 11 വയസ് വരെ പ്രായമുള്ള കുട്ടികളാണു മരിച്ചത്. സംഭവത്തിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നടുക്കം രേഖപ്പെടുത്തി.