ഖഷോഗി വധം: ഉത്തരവിട്ടത് മുഹമ്മദ് ബിൻ സൽമാനെന്ന് യുഎസ് റിപ്പോർട്ട്
Friday, February 26, 2021 12:05 AM IST
വാഷിംഗ്ടൺ ഡിസി: ജമാൽ ഖഷോഗി വധത്തിന് ഉത്തരവിട്ടത് സൗദിയിലെ ഭരണനിയന്താവും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണെന്നു സ്ഥിരീകരിക്കുന്ന ഇന്റലിജൻസ് റിപ്പോർട്ട് അമേരിക്ക പുറത്തുവിട്ടേക്കും.
സിഐഎ തയാറാക്കിയ റിപ്പോർട്ട് കണ്ടതായി പ്രസിഡന്റ് ബൈഡൻ പറഞ്ഞിരുന്നു. സൗദിയിലെ സൽമാൻ രാജവുമായി ഫോണിൽ സംസാരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
സൗദിയുമായുള്ള അമേരിക്കയുടെ നയതന്ത്രബന്ധം പരന്പരാഗത രീതിയിലേക്കു മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് റിപ്പോർട്ട് പുറത്തുവിടുന്നത്. മുന്‍പത്തെ ട്രംപ് ഭരണകൂടം ഖഷോഗി വധത്തിലടക്കം സൗദിയോട് ഉദാരസമീപനമാണു പുലർത്തിയിരുന്നത്.
മുഹമ്മദ് ബിൻ സൽമാന്റെ നിശിത വിമർശകനായിരുന്നു ഖഷോഗി. അമേരിക്കയിലേക്കു പലായനം ചെയ്ത അദ്ദേഹം വാഷിംഗ്ടൺ പോസ്റ്റ് പത്രത്തിൽ രാജകുമാരനെ വിമർശിച്ചു ലേഖനങ്ങളെഴുതിയിരുന്നു.
2018ൽ തുർക്കി ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ ഒരു സർട്ടിഫിക്കറ്റ് വാങ്ങാൻ പോയ ഖഷോഗിയെ പിന്നിടാരും കണ്ടിട്ടില്ല. സൗദിയിൽനിന്നെത്തിയ കൊലയാളിസംഘം ഖഷോഗിയെ വധിച്ച് മൃതദേഹം നശിപ്പിച്ചുകളഞ്ഞു.