കോവിഡ് വൈറസ് ചൈനീസ് ലാബിൽനിന്നോ? ; കൂടുതൽ അന്വേഷണം വേണമെന്ന് ലോകാരോഗ്യസംഘടനാ മേധാവി
Wednesday, March 31, 2021 11:43 PM IST
ജനീവ: കോവിഡ് വൈറസ് പുറത്തുവന്നത് ചൈനയിലെ ലാബിൽനിന്ന് ആയിരിക്കാം എന്നതിനുള്ള സാധ്യത വളരെ വിരളമാണെന്നും എന്നാൽ ആ സാധ്യത പൂർണമായി തള്ളിക്കളയുന്നതിനു മുന്പ് കൂടുതൽ അന്വേഷണം ആവശ്യമാണെന്നും ലോകാരോഗ്യ സംഘടനാ മേധാവി ഡോ. തെദ്രോസ് ഗെബ്രയേസസ്.
വൈറസിന്റെ ഉദ്ഭവത്തെക്കുറിച്ച് ലോകാരോഗ്യസംഘടനാ ടീമും ചൈനീസ് വിദഗ്ധരും സംയുക്തമായി അന്വേഷിച്ച് സമർപ്പിച്ച റിപ്പോർട്ട് ചൊവ്വാഴ്ച പുറത്തുവിട്ടതിനു പിന്നാലെയാണ് ഡോ. തെദ്രോസ് ഇക്കാര്യം പറഞ്ഞത്. റിപ്പോർട്ടിലെ കണ്ടെത്തലുകൾക്കെതിരേ അമേരിക്കയും സഖ്യകക്ഷികളും രംഗത്തുവന്നിട്ടുണ്ട്.
ലോകാരോഗ്യസംഘടനാ ടീം ജനുവരിയിൽ ചൈനയിലെ വുഹാനിൽ പോയി പഠനം നടത്തിയശേഷമാണു റിപ്പോർട്ട് തയാറാക്കിയത്. വുഹാനിലെ പ്രശസ്തമായ വൈറോളജി ലാബിൽനിന്നു രോഗാണു പുറത്തുകടക്കാനുള്ള സാധ്യത വളരെ കുറവാണെന്നു റിപ്പോർട്ടിൽ പറയുന്നു. രോഗാണു വവ്വാലിൽനിന്നു മനുഷ്യരിലെത്താനുള്ള സാധ്യതയാണ് എടുത്തുകാണിക്കുന്നത്. ചൈന നല്കിയ സാന്പിളുകളും ഡേറ്റകളും വച്ചാണ് ലോകാരോഗ്യസംഘടനാ ടീം പഠനം നടത്തിയത്.
അതേസമയം, രോഗാണു ലബോറട്ടറിയിൽനിന്നു പുറത്തുകടന്നുവെന്ന വാദത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നു ഡോ. തെദ്രോസ് പറഞ്ഞു. സമഗ്രമായ ഡേറ്റയെ അടിസ്ഥാനമാക്കി കൂടുതൽ വിദഗ്ധർ ഇക്കാര്യം പരിശോധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
യുഎസ്, ബ്രിട്ടൻ, ഓസ്ട്രേലിയ, ദക്ഷിണകൊറിയ തുടങ്ങി 13 രാജ്യങ്ങൾ റിപ്പോർട്ടിൽ സംശയം പ്രകടിപ്പിച്ചു രംഗത്തുവന്നു. ലോകാരോഗ്യ സംഘടനാ ടീമിന് ഒറിജിനൽ ഡേറ്റയും സാന്പിളും പൂർണമായും നല്കാൻ ചൈന തയാറായിട്ടില്ലെന്നു രാജ്യങ്ങൾ പ്രസ്താവനയിൽ ആരോപിച്ചു.
വുഹാൻ ലബോറട്ടറി സിദ്ധാന്തത്തെ പൂർണമായും തള്ളുന്ന ചൈന ലോകാരോഗ്യ സംഘടനാ മേധാവിയുടെ നിലപാടിനോടു പ്രതികരിച്ചിട്ടില്ല.