അർമേനിയയുടെ ആറു സൈനികരെ അസർബൈജാൻ പിടികൂടി
Thursday, May 27, 2021 11:43 PM IST
യെരാവൻ: അർമേനിയയുടെ ആറു സൈനികരെ അസർബൈജാൻ പിടികൂടി തടങ്കലിലാക്കി. നഗർണോ-കാരാബാക്ക് മേഖലയെച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം നിലനിൽക്കെയാണ് പുതിയ സംഭവവികാസം.
അതിർത്തി കടന്ന് കുഴിബോംബ് സ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അർമേനിയൻ സൈനികരെ പിടികൂടിയതെന്ന് അസർബൈജാൻ വൃത്തങ്ങൾ പറഞ്ഞു. എന്നാൽ, അതിർത്തിയിൽ തങ്ങളുടെ പ്രദേശത്ത് എൻജിനിയറിംഗ് ജോലിചെയ്തിരുന്ന സൈനികരെ അസർബൈജാൻ പിടികൂടുകയായിരുന്നുവെന്ന് അർമേനിയയും പറയുന്നു. നഗർണോ-കരാബാക്ക് മേഖലയെച്ചൊല്ലി അർമേനിയയും അസർബൈജാനും തമ്മിലുണ്ടായ യുദ്ധത്തിൽ 6000 പേരാണു കൊല്ലപ്പെട്ടത്.