പെഗാസസ് ഫോൺ ചോർത്തൽ; അന്വേഷണം പ്രഖ്യാപിച്ച് ഫ്രാൻസ്
Thursday, July 22, 2021 12:44 AM IST
പാരീസ്: ഇസ്രേലി ചാര സോഫ്റ്റ്വേറായ പെഗാസസ് ഉപയോഗിച്ച് തന്റെ ഫോൺ ചോർത്താൻ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലിൽ അന്വേഷണം പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഇതുസംബന്ധിച്ച് മാധ്യമങ്ങളിലൂടെ പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് മാക്രോൺ ഉത്തരവിട്ടതെന്ന്് പ്രധാനമന്ത്രി ഷോൺ കാസ്ടെക്സ് പറഞ്ഞു.
വിവരങ്ങൾ ചോർത്തുന്നതിനായി മാക്രോൺ, മുൻ പ്രധാനമന്ത്രി എഡ്വേർഡ് ഫിലിപ് എന്നിവർക്കൊപ്പം 14 മന്ത്രിമാരുടേയും ഫോൺനന്പറുകൾ തെരഞ്ഞെടുത്തിരുന്നുവെന്നാണ് റിപ്പോർട്ട്. ആരോപണം ശരിയാണെന്നു കണ്ടെത്തിയാൽ വിഷയം അതീവഗൗരവമുള്ളതാകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സംഭവത്തിൽ എല്ലാ തലത്തിലുമുള്ള അന്വേഷണത്തിനാണ് പ്രസിഡന്റ് ഉത്തരവിട്ടിരിക്കുന്നത്. പെഗാസസ് വിവാദത്തിൽ ഇപ്പോൾ രാജ്യം പ്രതികരിക്കുന്നത് അപക്വമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പെഗാസസ് ഉപയോഗിച്ച് ലോകനേതാക്കളുടെ ഫോൺ ചോർത്താൻ ശ്രമിച്ചതിന്റെ വിവരങ്ങളാണു പുറത്തുവന്നത്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൾ റാമഫോസ തുടങ്ങിയവർ ചോർത്തലിനു വിധേയരായതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. എന്നാൽ ഫൊറൻസിക് പരിശോധനയ്ക്ക് സ്മാർട്ട്ഫോണുകൾ വിട്ടുനൽകാൻ രാഷ്ട്രത്തലവന്മാർ തയാറായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.