സിറിയയിൽ ബോംബ് ആക്രമണം; 14 മരണം
Thursday, October 21, 2021 1:37 AM IST
ഡമാസ്കസ്: സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ സൈനിക ബസിനെ ലക്ഷ്യമിട്ട ബോംബ് സ്ഫോടനങ്ങളിൽ 14 പേർ കൊല്ലപ്പെട്ടു.
ഇന്നലെ രാവിലെ നഗരമധ്യത്തിലെ പാതയിൽ തിരക്കേറിയ സമയത്തായിരുന്നു സംഭവം. ബസിൽ ഘടിപ്പിച്ച രണ്ടു ബോംബുകളാണു പൊട്ടിത്തെറിച്ചത്. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ആണു പിന്നിലെന്നു സംശയിക്കുന്നു.
ഇതിനു പിന്നാലെ വിമതരുടെയും ജിഹാദികളുടെയും അവസാന ശക്തികേന്ദ്രമായ ഇഡ്ലിബിൽ സിറിയൻ സേന നടത്തിയ ഷെല്ലാക്രമണത്തിൽ നാലു കുട്ടികളും ഒരു വനിതയും അടക്കം 13 പേർ കൊല്ലപ്പെട്ടു. അരിഹാ പട്ടണത്തിലെ ഭവനങ്ങളിലും മാർക്കറ്റിലുമാണു ഷെല്ലുകൾ പതിച്ചത്.
പതിറ്റാണ്ടായി ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലാണെങ്കിലും സിറിയയിൽ ഇത്തരം ബോംബ് ആക്രമണങ്ങൾ വിരളമാണ്. മൂന്നാമതൊരു ബോംബുകൂടി ബസിൽ ഘടിപ്പിച്ചിരുന്നു. മിലിട്ടറി എൻജിനിയർമാർ ഇതു നിർവീര്യമാക്കി.
സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസാദിനെ പുറത്താക്കാനായി 2011 മുതൽ വിമതർ നടത്തുന്ന യുദ്ധത്തിൽ മൂന്നര ലക്ഷം പേരാണു കൊല്ലപ്പെട്ടത്. രാജ്യത്തെ പകുതി ജനത്തിനും സ്വഭവനങ്ങൾ ഉപേക്ഷിച്ച് ഓടിപ്പോകേണ്ടിവന്നു. ആറു കോടി പേർ വിദേശത്ത് അഭയാർഥികളായി.
അസാദിന്റെ പട്ടാളം റഷ്യയുടെ പിന്തുണയോടെ വിമതരെ അതിക്രൂരമായി അടിച്ചമർത്തിയെങ്കിലും ഇഡ്ലിബിലെ ചില കേന്ദ്രങ്ങളിൽ അവർക്കിപ്പോഴും സ്വാധീനമുണ്ട്.