വിശദാംശം ലഭിക്കാൻ ആഴ്ചകളെടുക്കും: ലോകാരോഗ്യ സംഘടന
Friday, November 26, 2021 11:14 PM IST
ജനീവ: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം ബി 1.1.529 നെക്കുറിച്ച് ആധികാരിക വിവരം ലഭിക്കാൻ ആഴ്ചകള്‍ വേണ്ടിവരുമെന്ന് ലോകാരോഗ്യസംഘടന.
വൈറസിന്റെ വകഭേദത്തെക്കുറിച്ചും മറ്റൊരാളിലേക്കു പടരുന്ന രീതിയെക്കുറിച്ചും ഗവേഷകര്‍ പഠനം നടത്തുന്നുണ്ടെന്ന് ഡബ്ല്യുഎച്ച്ഒ വക്താവ് ക്രിസ്റ്റിന് ലിഡ്മിര് പറഞ്ഞു.
ബി.1.1.529 വകഭേദത്തിന്റെ ജനിതകമാറ്റം സംബന്ധിച്ച് ജര്‍മനിയിലെ വാക്സിന് നിര്‍മാതാക്കളായ ബയോണ്‍ടെക്കും പഠനം ആരംഭിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് ലഭിക്കുമെന്നും വാക്സിനില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് അതിനുശേഷം ആലോചിക്കുമെന്നും ഫൈസറിനൊപ്പം കോവിഡ് വാക്സിന് നിര്‍മിക്കുന്ന ബയോണ്‍ടെക് പറഞ്ഞു.
എംആര്‍എന്‍ വാക്സിനുകളില്‍ മാറ്റം വരുത്താന്‍ സാധിക്കും. ചൈനയിലെ വുഹാനില്‍ കണ്ടെത്തിയ വൈറസ് വകഭേദത്തെ അടിസ്ഥാനമാക്കിയാണുലോകത്ത് നിലവില്‍ വാക്സിന് നിര്‍മിക്കുന്നതെന്നും പുതിയ വകഭേദത്തെ വാക്സിന് എങ്ങനെ പ്രതിരോധിക്കുമെന്ന് അറിയില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കി.