ടെൽ അവീവിൽ ചെലവ് കൂടുതലാണ്
Thursday, December 2, 2021 12:07 AM IST
ലണ്ടൻ: ജീവിതച്ചെലവ് ഏറ്റവും കൂടിയ നഗരം ഇസ്രയേലിലെ ടെൽ അവീവ്. ലണ്ടനിലെ ഇക്കണോമിസ്റ്റ് മീഡിയ കന്പനിയുടെ ഗവേഷണ വിഭാഗമായ ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് നടത്തിയ സർവേയിലാണ് ഇതു വ്യക്തമായത്. പാരീസ്, സിംഗപ്പൂർ നഗരങ്ങളാണു രണ്ടാം സ്ഥാനത്ത്.
കഴിഞ്ഞവർഷത്തെ സർവേയിൽ ടെൽ അവീവ് അഞ്ചാം സ്ഥാനത്തായിരുന്നു. വിലക്കയറ്റവും സാധനങ്ങളുടെ ലഭ്യതക്കുറവുമാണ് ഈ നഗരങ്ങളിൽ ചെലവു വർധിക്കാൻ കാരണം. പലവ്യഞ്ജനങ്ങൾ അടക്കമുള്ളവയ്ക്കു പത്തു ശതമാനം വില കൂടി.
ഓഗസ്റ്റ്- സെപ്റ്റംബർ മാസത്തിൽ 173 നഗരങ്ങളിലാണു സർവേ നടത്തിയത്. ഇക്കാലയളവിൽ സാധനങ്ങളുടെ ശരാശരി വില 3.5 ശതമാനം കൂടിയതായി കണ്ടെത്തി.
കഴിഞ്ഞവർഷം സൂറിച്ച്, പാരീസ്, ഹോങ്കോംഗ് നഗരങ്ങളായിരുന്നു ഒന്നാം സ്ഥാനത്ത്.