കസാഖ്സ്ഥാനിലെ ജനകീയപ്രക്ഷോഭം : അട്ടിമറിശ്രമമെന്നു പ്രസിഡന്റ്
Tuesday, January 11, 2022 1:25 AM IST
അൽമാട്ടി: കസാഖ്സ്ഥാനിലെ സർക്കാരിനെതിരായ അട്ടിമറി ശ്രമമായിരുന്നു കഴിഞ്ഞയാഴ്ചത്തെ ജനകീയപ്രക്ഷോഭമെന്നു പ്രസിഡന്റ് കാസിം ജൊമാർട്ട് ടൊകയേവ്. ഒരൊറ്റ കേന്ദ്രത്തിൽനിന്നാണു പ്രക്ഷോഭപ്രവർത്തനങ്ങൾ ഏകോപിപ്പിക്കപ്പെട്ടതെന്ന് ആരോപിച്ച ടൊകയേവ് പക്ഷേ, ആരുടെയും പേരു വെളിപ്പെടുത്തിയില്ല.
മുൻ സോവിയറ്റ് രാജ്യങ്ങളുടെ സൈനികസഖ്യത്തെ അഭിസംബോധന ചെയ്യവേയാണു ടൊകയേവ് ആരോപണങ്ങൾ ഉന്നയിച്ചത്. അന്താരാഷ്ട്ര ഭീകരരാണു കസാഖ്സ്ഥാനെ ലക്ഷ്യമിട്ടതെന്നു റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പുടിൻ പറഞ്ഞു. എന്നാൽ ഇതിന് അനുബന്ധമായ തെളിവുകൾ നൽകാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. ഈ മേഖലയിൽ വിപ്ലവമുണ്ടാകാൻ റഷ്യ അനുവദിക്കില്ലെന്നും പുടിൻ വ്യക്തമാക്കി.
റഷ്യയിൽനിന്ന് ഉൾപ്പെടെയുള്ള സൈനികരെയാണു കസാഖ്സ്ഥാനിൽ ജനകീയപ്രക്ഷോഭത്തെ അടിച്ചമർത്താൻ നിയോഗിച്ചിട്ടുള്ളത്. പ്രക്ഷോഭങ്ങളിൽ 8,000 പേർ അറസ്റ്റിലായെന്നും 164 പേർ കൊല്ലപ്പെട്ടെന്നുമാണു കണക്ക്.