ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു
Wednesday, January 12, 2022 1:37 AM IST
സീയൂൾ: ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി ദക്ഷിണകൊറിയയും ജപ്പാനും അറിയിച്ചു. ഉത്തരകൊറിയ പ്രകോപനപരമായ നടപടികൾ അവസാനിപ്പിച്ച് ചർച്ചയ്ക്കു തയാറാകണമെന്ന് അമേരിക്കയടക്കമുള്ളവർ ആവശ്യപ്പെട്ടതിനു പിന്നാലെയായിരുന്നിത്.
ഇന്നലെ രാവിലെ കരയിൽനിന്നു കടലിലേക്കാണു പരീക്ഷണ മിസൈൽ തൊടുത്തത്. ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ അമേരിക്കയിലെയും ദക്ഷിണകൊറിയയിലെയും ഇന്റലിജൻസ് ഏജൻസികൾ വിലയിരുത്തിവരുകയാണ്. ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷിക്കുന്നത് ഐക്യരാഷ്ട്രസഭ നിരോധിച്ചിട്ടുള്ളതാണ്. ഏതാനും ദിവസം മുന്പ് അവർ ഹൈപ്പർ സോണിക് മിസൈൽ പരീക്ഷിച്ചിരുന്നു.
അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, അയർലൻഡ്, ജപ്പാൻ, അൽബേനിയ എന്നീ രാജ്യങ്ങളാണു കഴിഞ്ഞദിവസം ഉത്തരകൊറിയ ചർച്ചയ്ക്കു തയാറാകാൻ ആവശ്യപ്പെട്ട് സംയുക്ത പ്രസ്താവന ഇറക്കിയത്.