സൗദിയുടെ വ്യോമാക്രമണം: യുഎൻ അപലപിച്ചു
Sunday, January 23, 2022 1:27 AM IST
യുഎൻ: സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന യെമനിൽ നടത്തിയ വ്യോമാക്രമണത്തെ യുഎൻ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് അപലപിച്ചു.
വെള്ളിയാഴ്ച യെമനിലെ സദ്ദയിൽ നടത്തിയ വ്യോമാക്രമണത്തിൽ തടങ്കൽ പാളയത്തിൽ കഴിഞ്ഞ 82 പേരാണ് കൊല്ലപ്പട്ടത്. വിമത സേനയായ ഹൗതികളുടെ ശക്തികേന്ദ്രമാണ് സദ്ദ.
കൂടുതൽ ആക്രമണങ്ങൾക്കു മുതിരരുതെന്ന് യുഎൻ സെക്രട്ടറി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
സാധാരണക്കാരുടെയും അവരുടെ അടിസ്ഥാന സൗകര്യങ്ങൾക്കും നേരേയുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരം നിരോധിച്ചിട്ടുള്ളതാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
സൈനിക നടപടികളിലൂടെ സാധാരണ ജനങ്ങൾക്കുണ്ടാകുന്ന അപകടങ്ങളിൽനിന്ന് അവർ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ അന്താരാഷ്ട്ര മാനുഷിക നിയമത്തിനു കീഴിലുള്ള എല്ലാ കക്ഷികളെയും ഓർമ്മിപ്പിക്കുന്നുവെന്ന അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.