എത്യോപ്യയിൽ ഇരുനൂറിലേറെ ഗോത്രവർഗക്കാർ കൊല്ലപ്പെട്ടു
Tuesday, June 21, 2022 12:00 AM IST
നയ്റോബി: എത്യോപ്യയിൽ ഇരുനൂറിലേറെ അംഹാര ഗോത്രവർഗക്കാർ കൊല്ലപ്പെട്ടു. ഒറോമിയ മേഖലയിൽ വിമത ഗ്രൂപ്പായ ഒറോമോ ലിബറേഷൻ ആർമി(ഒഎൽഎ) ആണു ഗോത്രവർഗക്കാരെ കൊന്നൊടുക്കിയത്. എന്നാൽ ഒഎൽഎ ഇക്കാര്യം നിഷേധിച്ചു.
എത്യോപ്യയുടെ സമീപകാല ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ വംശഹത്യയാണിത്. 230 മൃതദേഹങ്ങൾ താൻ എണ്ണിയെന്ന് ഗിംബി കൗണ്ടി സ്വദേശിയായ അബ്ദുൾ-സെയ്ദ് താഹിർ പറഞ്ഞു.
ആക്രമണത്തിൽനിന്നു കഷ്ടിച്ചു രക്ഷപ്പെട്ടയാളാണ് താഹിർ. മൃതദേഹങ്ങൾ കണ്ടെടുക്കുകയാണെന്നും കൂട്ടക്കുഴിമാടത്തിൽ സംസ്കരിക്കുമെന്നും അക്രമങ്ങൾക്കു ദൃക്സാക്ഷിയായ മറ്റൊരു ഗോത്രവർഗക്കാരൻ പറഞ്ഞു.
വീണ്ടും കൂട്ടക്കൊലപാതകം സംഭവിക്കുന്നതിനു മുന്പ് തങ്ങളെ മറ്റൊരിടത്തേക്കു മാറ്റിപാർപ്പിക്കണമെന്ന് അംഹാര വിഭാഗം ആവശ്യപ്പെടുന്നു. പുനരധിവാസ പദ്ധതിയുടെ ഭാഗമായാണ് അംഹാര ഗോത്രവർഗക്കാരെ ഒറോമിയ പ്രവിശ്യയിൽ 30 വർഷം മുന്പ് എത്തിയത്.
ആഫ്രിക്കയിൽ ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യമാണു 11 കോടി ജനങ്ങളുള്ള എത്യോപ്യ. രാജ്യത്തെ രണ്ടാമത്തെ വലിയ ഗോത്രവർഗ വിഭാഗമാണ് അംഹാര. രാജ്യത്ത് ഗോത്രവർഗങ്ങൾ തമ്മിൽ കലാപം നിത്യസംഭവവമാണ്.