തോക്കുനിയന്ത്രണ ബിൽ യുഎസ് സെനറ്റ് പാസാക്കി
Friday, June 24, 2022 11:47 PM IST
വാഷിംഗ്ടൺ ഡിസി: വെടിവയ്പു ദുരന്തങ്ങൾ തുടർക്കഥയായ അമേരിക്കയിൽ തോക്കുനിയന്ത്രണം പ്രാബല്യത്തിൽ വരുത്താനുള്ള സുപ്രധാന ബിൽ സെനറ്റിൽ പാസായി.
21 വയസിനു താഴെയുള്ളവർ തോക്കു വാങ്ങുന്നതിനു കർശനവ്യവസ്ഥകൾ ബില്ലിൽ ശിപാർശ ചെയ്യുന്നു. കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവർ തോക്കു സ്വന്തമാക്കാതിരിക്കാനുള്ള നടപടികൾ സംസ്ഥാനങ്ങൾക്കു സ്വീകരിക്കാം.
തോക്കുനിയന്ത്രണത്തിനായി അമേരിക്ക 30 വർഷത്തിനിടെ കൊണ്ടുവരുന്ന ഏറ്റവും പ്രധാന നിയമമാണിത്. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും 50 വീതം അംഗങ്ങളുള്ള സെനറ്റിൽ 33നെതിരേ 65 വോട്ടുകൾക്കാണു ബിൽ പാസായത്. ആയുധം കൈവശം വയ്ക്കാനുള്ള അവകാശത്തെ പിന്തുണയ്ക്കുന്ന പ്രതിപക്ഷ റിപ്പബ്ലിക്കന്മാരിലെ ഒരു വിഭാഗം ബില്ലിനെ അനുകൂലിച്ചതു ശ്രദ്ധേയമായി.
ജനപ്രതിനിധിസഭയിൽക്കൂടി ബിൽ പാസായാൽ പ്രസിഡന്റ് ബൈഡൻ ഒപ്പുവച്ച് നിയമം പ്രാബല്യത്തിലാകും. ഭരണപക്ഷ ഡെമോക്രാറ്റുകൾക്കു ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭയിൽ ബിൽ അനായാസം പാസാകും.
ഉവാൾഡോ പ്രൈമറി സ്കൂളിലടക്കം അടുത്തകാലത്തുണ്ടായ വെടിവയ്പുകളുടെ പശ്ചാത്തലത്തിലാണു തോക്കുനിയന്ത്രണ ബിൽ അടിയന്തരമായി പരിഗണനയ്ക്കെടുത്തത്.