സെവ്റോഡോണറ്റ്സ്ക്: പട്ടാളത്തോട് പിന്മാറാൻ നിർദേശിച്ച് യുക്രെയൻ
Friday, June 24, 2022 11:47 PM IST
കീവ്: റഷ്യൻ സേന ആക്രമണം കേന്ദ്രീകരിച്ചിരിക്കുന്ന സെവ്റോഡോണറ്റ്സ്ക് നഗരത്തിൽനിന്നു തങ്ങളുടെ പട്ടാളക്കാർ പിൻവാങ്ങാൻ യുക്രെയ്ൻ നിർദേശിച്ചു.
നിരന്തരം ഷെല്ലാക്രമണത്തിന് ഇരയാകുന്ന സ്ഥലത്ത് പട്ടാളക്കാർ തുടരുന്നതിൽ അർഥമില്ലെന്ന്, നഗരം ഉൾപ്പെടുന്ന ലുഹാൻസ്ക് പ്രവിശ്യയുടെ ഗവർണർ സെർഹി ഹെയ്ഡെയ് പറഞ്ഞു.
റഷ്യൻ സേന സെവ്റോഡോണറ്റ്സ്കിനെ പൂർണമായി വളഞ്ഞിരിക്കുകയാണ്. സമീപനഗരമായ ലിസിച്ചാൻസിലേക്കും ആക്രമണം വ്യാപിപ്പിച്ചിട്ടുണ്ട്. ഈ രണ്ടു നഗരങ്ങളും പിടിച്ചെടുത്താൽ ലുഹാൻസ് പ്രവിശ്യയുടെ പൂർണനിയന്ത്രണം റഷ്യക്കാകും. സെവ്റോഡോണറ്റ്സ്കിലെ പശ്ചാത്തലസൗകര്യങ്ങൾ പൂർണമായി നശിച്ചു. 90 ശതമാനം ഭവനങ്ങളും ഷെല്ലാക്രമണത്തിനിരയായി.