ക്യാപ്പിറ്റോൾ ഹില്ലിനു സമീപം വെടിവയ്പ് നടത്തിയയാൾ ജീവനൊടുക്കി
Monday, August 15, 2022 12:26 AM IST
വാഷിംഗ്ടൺ: യുഎസ് പാർലമെന്റ് മന്ദിരമായ ക്യാപ്പിറ്റോൾ ഹില്ലിനുസമീപം ബാരിക്കേഡിലേക്ക് വാഹനം ഓടിച്ചുകയറ്റിയയാൾ വെടിയുതിർത്ത് ജീവനൊടുക്കി. ആകാശത്തേക്ക് പലതവണ വെടിവച്ചശേഷമാണ് ഇയാൾ സ്വയം നിറയൊഴിച്ചത്.
യുഎസ് കോൺഗ്രസ് അംഗങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നതിനു സൂചന ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പാർലമെന്റിന്റെ ഇരുസഭകൾക്കും അവധിയായിരുന്നതിനാൽ വളരെക്കുറിച്ച് ജീവനക്കാർ മാത്രമേ കെട്ടിടത്തിൽ ഉണ്ടായിരുന്നുള്ളൂ.
മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വസതിയിൽ കഴിഞ്ഞദിവസം എഫ്ബിഐ പരിശോധന നടത്തിയതിനു പിന്നാലെ സർക്കാർ ഓഫീസുകൾക്കും ജീവനക്കാർക്കും നേരെ ആക്രമണം ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. 2021 ജനുവരിൽ ട്രംപ് അനുകൂലികൾ കാപ്പിറ്റോൾ ഹില്ലിൽ കടന്നുകയറി സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു.