ഗ്രിഡ് തകരാർ: പാക്കിസ്ഥാനിൽ വൈദ്യുതി മുടങ്ങി
Tuesday, January 24, 2023 12:25 AM IST
ഇസ്ലാമാബാദ്: ദേശീയ വൈദ്യുത ഗ്രിഡിലുണ്ടായ തകരാറിനെത്തുർന്ന് പാക്കിസ്ഥാനിൽ വൈദ്യുതി മുടങ്ങി.
ഇന്നലെ രാവിലെ പ്രാദേശിക സമയം രാവിലെ 7.34 ഓടെയാണ് ഗ്രിഡിൽ തകരാറുണ്ടായതെന്ന് ഊർജമന്ത്രാലയം അറിയിച്ചു. തലസ്ഥാനമായ ഇസ്ലാമാബാദിലും സാന്പത്തിക തലസ്ഥനമായ കറാച്ചിയിലും മറ്റു നഗരങ്ങളിലും വൈദ്യുതി ബന്ധം തടസപ്പെട്ടു. അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നതായി ഊർജമന്ത്രി ഖുറാം ദസ്തഗീർ അറിയിച്ചു. വരുന്ന 12 മണിക്കൂറിനുള്ളിൽ വൈദ്യുതി വിതരണം സാധാരണനിലയിലാകുമെന്ന് മന്ത്രി പറഞ്ഞതായി ജിയോ ടിവി റിപ്പോർട്ട് ചെയ്തു.
ഇന്ധന ക്ഷാമത്തെത്തുടർന്ന് വൈദ്യുതോത്പാദനം രാത്രി കുറച്ചതാണ് ഗ്രിഡ് തകരാറിലാകാൻ കാരണം. രാവിലെ വൈദ്യുതോത്പാദനം സാധാരണ നിലയിലാക്കിയപ്പോൾ ഗ്രിഡിൽ ആവൃത്തി വ്യത്യാസമുണ്ടാവുകയും തകരാർ സംഭവിക്കുകയുമാണ്.
സാന്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന പാക്കിസ്ഥാനിൽ ഊർജപ്രതിസന്ധിയുണ്ട്.