ഗ്രീസിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 36 മരണം
Thursday, March 2, 2023 12:55 AM IST
ആഥൻസ്: വടക്കൻ ഗ്രീസിൽ യാത്രാട്രെയിനും ചരക്കുട്രെയിനും കൂട്ടിയിടിച്ച് 36 പേർ മരിച്ചു; 85 പേർക്കു പരിക്കേറ്റു. ചൊവ്വാഴ്ച അർധരാത്രി ആഥൻസിന് 380 കിലോമീറ്റർ വടക്ക് ടെംപെ പട്ടണത്തിനടുത്തായിരുന്നു ദുരന്തം.
350ഓളം പേരുമായി ആഥൻസിൽനിന്നു തെസലോനിക്കയിലേക്കു പോയ യാത്രാട്രെയിനും തെസലോനിക്കയിൽനിന്നു ലാറിസയിലേക്കു പോയ ചരക്കു ട്രെയിനുമാണു കൂട്ടിയിടിച്ചത്. രണ്ടു ട്രെയിനുകളും ഒരേ ട്രാക്കിലായിരുന്നു. യാത്രാട്രെയിൻ ഹൈവേയ്ക്കു താഴെയുള്ള തുരങ്കത്തിൽനിന്നു പുറത്തേക്കു വന്നപ്പോഴായിരുന്നു കൂട്ടിയിടി. ഒട്ടേറെ ബോഗികൾ പാളം തെറ്റി; മൂന്നെണ്ണത്തിനു തീപിടിച്ചു.
ഇടിയുടെ ആഘാതത്തിൽ യാത്രക്കാർ ജനാലകളിലൂടെ പുറത്തേക്കു തെറിച്ചുവെന്നാണു ദൃക്സാക്ഷികൾ പറഞ്ഞത്. യാത്രാട്രെയിനിൽ ഒട്ടേറെ കോളജ് വിദ്യാർഥികളുമുണ്ടായിരുന്നു. മരിച്ചവരിൽ രണ്ടു ട്രെയിനുകളുടെയും ഡ്രൈവർമാർ അടക്കം എട്ടു റെയിൽവേ ജീവനക്കാരും ഉൾപ്പെടുന്നു.
ചൊവ്വാഴ്ച അർധരാത്രിതന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ഇന്നലെ വലിയ ക്രെയിനുകൾ എത്തിയതോടെയാണ് ഊർജിതമായത്.
സമീപകാലത്ത് ഗ്രീസിലുണ്ടാകുന്ന ഏറ്റവും വലിയ ട്രെയിൻ ദുരന്തമാണിത്. സംഭവത്തിൽ ലാറിസ നഗരത്തിലെ സ്റ്റേഷൻ മാസ്റ്ററെ നരഹത്യാക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രി കിരിയാക്കോസ് മിറ്റ്സോതാക്കീസ് അപകടസ്ഥലം സന്ദർശിച്ചു. രാജ്യത്ത് മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
ട്രെയിൻ ദുരന്തം ഫ്രാൻസിസ് മാർപാപ്പയെ വലിയ ദുഃഖത്തിലാഴ്ത്തിയെന്നും അപകടത്തിൽപ്പെട്ടവർക്കുവേണ്ടി അദ്ദേഹം പ്രാർഥിക്കുന്നതായും വത്തിക്കാൻ അറിയിച്ചു.