കംബോഡിയൻ പ്രതിപക്ഷനേതാവിന് 27 വർഷം തടവുശിക്ഷ
Saturday, March 4, 2023 12:02 AM IST
നോം പെൻ: കംബോഡിയയിലെ പ്രതിപക്ഷ നേതാവ് കെം സോക്കയെ കോടതി 27 വർഷം വീട്ടുതടങ്കലിനു ശിക്ഷിച്ചു. ജൂലൈയിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു വിലക്കുമേർപ്പെടുത്തി. പ്രധാനമന്ത്രി ഹൺ സെന്നിന്റെ സർക്കാരിനെ അട്ടിമറിക്കാൻ വിദേശശക്തികളുമായി ഗൂഢാലോചന നടത്തിയെന്നതാണു കുറ്റം.
അമേരിക്കയിലെ ജനാധിപത്യ സംഘടനകളിൽനിന്നു സഹായം ലഭിച്ചിട്ടുള്ളതായി 2013ൽ ഒരു വീഡിയോയിൽ കെം സോബ്ക വ്യക്തമാക്കിയിരുന്നു. ഇതിനെ അടിസ്ഥാനമാക്കി 2017ലാണ് അറസ്റ്റ് ചെയ്തത്.
1985 മുതൽ ഭരണം നടത്തുന്ന ഹൺ സെൻ ലോകത്തിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിൽ തുടരുന്ന ഏകാധിപതികളിലൊരാളാണ്. ജൂലൈയിലെ തെരഞ്ഞെടുപ്പിൽ ഹൺ വീണ്ടും മത്സരിക്കുമെന്നും അതല്ല, അദ്ദേഹത്തിന്റെ മകൻ ഹൺ മാനെറ്റിന് അധികാരം കൈമാറാനായിരിക്കും ശ്രമിക്കുകയെന്നും പറയപ്പെടുന്നു.