മൊറോക്കോ ഭൂകന്പം മരണം 2000 പിന്നിട്ടു
Monday, September 11, 2023 1:02 AM IST
റാബത്ത്: ഭൂകന്പം തകർത്ത മൊറോക്കോയിൽ മരണം 2000 പിന്നിട്ടു. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. മരണസംഖ്യ ഇനിയും ഏറെ ഉയർന്നേക്കുമെന്നാണു സൂചന. പർവത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം അത്യന്തം ദുഷ്കരമാണ്. തകർന്നു വീണ കെടിട്ടങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ ജീവന്റെ തുടിപ്പു തേടുകയാണ് രക്ഷാപ്രവർത്തകർ.
ലോകരാഷ്ട്രങ്ങൾ മൊറോക്കോയ്ക്കു സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. സ്പെയിൻ, ഖത്തർ എന്നീ രാജ്യങ്ങളിൽനിന്നുള്ള സംഘം രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നിട്ടുണ്ട്. ചെക്ക് റിപ്പബ്ലിക്കും രക്ഷാദൗത്യത്തിൽ പങ്കെടുക്കും.
ഭൂകന്പത്തിൽ രണ്ടായിരത്തിലേറെ പേർക്ക് പരിക്കേറ്റു. ഇതിൽ 1400 പേരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച രാത്രി 11.11നാണ് ഭൂകന്പമുണ്ടായത്. മരെക്കാഷിന് 71 കിലോമീറ്റർ തെക്കുപടിഞ്ഞാറ് ഹൈ അറ്റ്ലസ് മലനിരകളിൽ 18.5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം. ഇവിടെയുള്ള ഗ്രാമങ്ങളെല്ലാം നാമാവശേഷമായി.
റിക്ടർ സ്കെയിലിൽ 6.8 രേഖപ്പെടുത്തിയ ഭൂകന്പത്തെത്തുടർന്ന് ഇരുപതോളം തുടർ ചലനങ്ങളുണ്ടായി. ദിവസങ്ങളോളം തുടർചലനങ്ങളുണ്ടാകാമെന്നാണു നിഗമനം. മൂന്നു ലക്ഷത്തിലേറെ പേരെ ഭൂകന്പം ബാധിച്ചു.
അൽ ഹാവുസിൽ മാത്രം 1293 പേർ മരിച്ചു; താരോഡൗന്റിൽ 452 പേരും. തങ്ങളുടെ നാലു പൗരന്മാർ ഭൂകന്പത്തിൽ മരിച്ചതായി ഫ്രാൻസ് അറിയിച്ചു. വിനോദസഞ്ചാരകേന്ദ്രമായ മാരക്കാഷ് നഗരത്തിൽ അനവധി കെട്ടിടങ്ങൾ നിലംപൊത്തി. തലസ്ഥാനമായ റബാത്ത്, കാസാബ്ലാങ്ക നഗരങ്ങളിലും നാശനഷ്ടം വലുതാണ്.
മൊറോക്കോ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. മൊറോക്കോയിലെ ഭൂകന്പത്തിൽ ഇന്ത്യക്കാർ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടില്ലെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. പ്രാദേശിക ഭരണകൂടത്തിന്റെ നിർദേശങ്ങൾ പാലിക്കാൻ എംബസി, ഇന്ത്യക്കാർക്കു നിർദേശം നല്കി.