മുത്തൂറ്റ് ഫിനാൻസിന് 563 കോടി രൂപ അറ്റാദായം
Tuesday, August 13, 2019 11:49 PM IST
കൊച്ചി: മുത്തൂറ്റ് ഫിനാൻസിന്റെ സംയോജിത അറ്റാദായം ഒൻപതു ശതമാനം വർധിച്ച് 563 കോടി രൂപയിലെത്തി. നടപ്പു സാന്പത്തിക വർഷത്തിലെ ആദ്യ ത്രൈമാസത്തിലെ അറ്റാദായം എട്ടു ശതമാനം വർധിച്ച് 530 കോടി രൂപയിലെത്തിയതായും ഓഡിറ്റ് ചെയ്യാത്ത സാന്പത്തിക ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നു.
വായ്പാ ആസ്തികൾ 16 ശതമാനം വർധിച്ച് 35816 കോടി രൂപയിലെത്തി. ആകെ കൈകാര്യം ചെയ്യുന്ന വായ്പാ ആസ്തികൾ 18 ശതമാനം വർധിച്ച് 40228 കോടി രൂപയിലും എത്തിയിട്ടുണ്ട്. ചെറുകിട നിക്ഷേപകരിൽ കേന്ദ്രീകരിച്ചുകൊണ്ട് കന്പനി 851 കോടി രൂപയുടെ കടപ്പത്രങ്ങളുടെ പബ്ലിക് ഇഷ്യൂ നടത്തിയിട്ടുണ്ടെന്ന് ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റ് ചൂണ്ടിക്കാട്ടി.
ഈ സാന്പത്തിക വർഷത്തിന്റെ ആദ്യ ത്രൈമാസത്തിൽ പ്രതിമാസം ശരാശരി 6500 കോടി രൂപയുടെ സ്വർണ പണയ വായ്പകളാണ് തങ്ങൾ വിതരണം ചെയ്തതെന്ന് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു.