ജോയ് ആലുക്കാസ് ഭവനപദ്ധതി സ്നേഹസംഗമം
Saturday, December 14, 2019 11:51 PM IST
തൃശൂർ: പ്രളയബാധിതരുടെ പുനരധിവാസത്തിനായി ജോയ്ആലുക്കാസ് ഫൗണ്ടേഷൻ ആരംഭിച്ച ഭവനപദ്ധതിയുടെ ഗുണഭോക്താക്കളുടെ സ്നേഹസംഗമം ഡിബിസിഎൽസി ഹാളിൽ മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.
സ്നേഹസംഗമത്തിൽ ജോയ് ആലുക്കാസ് ഫൗണ്ടേഷൻ പണിതീർക്കുന്ന 250 വീടുകളിൽ താമസം ആരംഭിച്ച 60 കുടുംബങ്ങൾ പങ്കെടുത്തു. തൃശൂർ, എറണാകുളം, മലപ്പുറം, പാലക്കാട് ജില്ലകളിൽനിന്നുള്ളവരാണിവർ.
മേയർ അജിത വിജയൻ അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടർ എസ്. ഷാനവാസ് ബ്രോഷർ പ്രകാശനം ചെയ്തു. ദേവമാതാ പ്രൊവിൻഷ്യൽ ഫാ. വാൾട്ടർ തേലപ്പിള്ളി സിഎംഐ അനുഗ്രഹ പ്രഭാഷണം നടത്തി. സിറ്റി പോലീസ് കമ്മീഷണർ യതീഷ് ചന്ദ്ര മെമെന്റോ വിതരണം ചെയ്തു.
ജോയ്ആലുക്കാസ് ഗ്രൂപ്പ് സിഎംഡി ജോയ് ആലുക്ക, ഗ്രൂപ്പ് ഡയറക്ടർ ജോളി ജോയ് ആലുക്ക, കല്യാണ് സിൽക്സ് എംഡി ടി.എസ്. പട്ടാഭിരാമൻ, ബി.ഡി. ദേവസി എംഎൽഎ, ജോയ്ആലുക്കാസ് ഫൗണ്ടേഷൻ ചീഫ് കോ-ഓർഡിനേറ്റർ പി.പി. ജോസ്, ജോയ്ആലുക്കാസ് ഗ്രൂപ്പ് സിഇഒ ബേബി ജോർജ് എന്നിവർ പങ്കെടുത്തു.
ജോയ് ഹോം പദ്ധതിയുടെ ഗുണഭോക്താക്കളായ 130 കുടുംബങ്ങൾ ഇതിനോടകംതന്നെ സ്വന്തം ഭവനങ്ങളിൽ താമസം ആരംഭിച്ചിട്ടുണ്ട്. തെക്കൻ ജില്ലകളിലെ ഭവനങ്ങളുടെ നിർമാണവും ഉടൻ പൂർത്തിയാകും.
ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ ജീവകാരുണ്യ കരമാണ് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ. ആരോഗ്യ സംരക്ഷണം, പുനരധിവാസം, വിദ്യാഭ്യാസം, പ്രകൃതിസംരക്ഷണം, സ്ത്രീശക്തീകരണം, ഭിന്നശേഷി സംരക്ഷണം, പാലിയേറ്റീവ് പരിചരണം തുടങ്ങിയ വിവിധ മേഖലകളിൽ ഫൗണ്ടേഷൻ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്.