ടെലികോം കന്പനികൾ സാവകാശം തേടി
Tuesday, January 21, 2020 11:50 PM IST
ന്യൂഡൽഹി: ടെലികോം കന്പനികൾ സർക്കാരിനു നല്കാനുള്ള കുടിശിക അടയ്ക്കാൻ സാവകാശം തേടി സുപ്രീംകോടതിയിൽ. അപേക്ഷ അടുത്തയാഴ്ച പരിഗണിക്കുമെന്നു ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ പറഞ്ഞു.
ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, ടാറ്റാ ടെലിസർവീസസ് എന്നിവയാണ് ഹർജി നല്കിയത്. 24-നകം ഈ മൂന്നു കന്പനികളും കൂടി 1.02 ലക്ഷം കോടി രൂപ നല്കേണ്ടതുണ്ട്. സുപ്രീംകോടതി കേസ് പരിഗണിക്കാൻ സമ്മതിച്ചതോടെ ഈയാഴ്ച പണം അടയ്ക്കേണ്ട എന്ന ആശ്വാസത്തിലാണു കന്പനികൾ.സർക്കാർ ആവശ്യപ്പെട്ട തുകയെപ്പറ്റി തങ്ങൾ തർക്കം ഉന്നയിക്കുന്നില്ലെന്നും കാലാവധി നീട്ടിക്കിട്ടുകയാണ് ആവശ്യമെന്നും കന്പനികൾ പറയുന്നു.
ജസ്റ്റീസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിലായിരുന്നു ടെലികോം കേസ്.
കന്പനികൾക്കു ടെലികോമിൽനിന്നല്ലാതെയുള്ള വരുമാനവും ചേർത്തു വേണം സർക്കാരിനു നല്കാനുള്ള തുക കണക്കാക്കാൻ എന്നായിരുന്നു സർക്കാരിന്റെ വാദം. അതു കോടതി ശരിവച്ചു. രണ്ടു ദശകത്തോളം പഴക്കമുള്ള കുടിശികയുടെ പലിശയും പിഴയും പിഴപ്പലിശയും ചേർന്നാണ് വൻ ബാധ്യത വന്നത്.
ഇതിനിടെ ടെലികോം ലൈസൻസ് വാങ്ങിയ പവർഗ്രിഡ്, ഓയിൽ ഇന്ത്യ, ഗെയിൽ, ഐഎൻജിസി തുടങ്ങിയ പൊതുമേഖലാ കന്പനികൾക്കും വൻതോതിലുള്ള കുടിശികയുടെ നോട്ടീസ് കേന്ദ്രം അയച്ചിട്ടുണ്ട്. തങ്ങൾ ടെലികോം ലൈസൻസ് ഉപയോഗിച്ച് ഒന്നും ചെയ്തില്ലെന്നും അതിനാൽ ബാധ്യത ഒഴിവാക്കിത്തരണമെന്നും ആവശ്യപ്പെട്ടു കന്പനികൾ ടെലികോം അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ചിട്ടുണ്ട്.