ടെലികോം കന്പനികളുടെ പിഴ: രാഷ്ട്രീയ വിവാദം കൊഴുക്കുന്നു
Saturday, February 15, 2020 11:14 PM IST
ന്യൂഡൽഹി: സ്വകാര്യ ടെലികോം കന്പനികൾക്കു രാജ്യത്തെ 112 കോടി ജനങ്ങളിൽനിന്ന് 1,60,000 കോടി രൂപ കൊള്ളയടിക്കാൻ കേന്ദ്രസർക്കാർ കൂട്ടുനിൽക്കുകയാണെന്നു കോണ്‍ഗ്രസ്. ടെലികോം കന്പനികളോട് ഉടനെ അടയ്ക്കാൻ സുപ്രീംകോടതി നിർദേശിച്ച 1,02,000 കോടി രൂപയുടെ കുടിശിക ജനങ്ങളിൽനിന്നു പിഴിയാനാണോ മൊബൈൽ നിരക്കുകളിൽ 40 ശതമാനം കൂട്ടാൻ നരേന്ദ്ര മോദി സർക്കാർ സ്വകാര്യ കന്പനികളെ അനുവദിച്ചതെന്നു വ്യക്തമാക്കണമെന്ന് എഐസിസി മാധ്യമവിഭാഗം തലവൻ രണ്‍ദീപ് സിംഗ് സുർജേവാല ചോദിച്ചു.
ടെലികോം സ്പെക്ട്രത്തിന്റെ വാർഷിക ലൈസൻസ് ഫീസ് (അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ- എജിആർ) കുടിശിക ത്തുകയായ 42,000 കോടി രൂപ അടയ്ക്കാനുള്ള തീയതി അടുത്ത സാന്പത്തികവർഷത്തേക്കു നീട്ടിക്കൊടുത്തതിനു പകരമായി എന്താണു പ്രതിഫലം കിട്ടിയതെന്നും കോണ്‍ഗ്രസ് വക്താവ് ചോദിച്ചു. വോഡഫോണ്‍-ഐഡിയ, എയർടെൽ ഭാരതി, റിലയൻസ് ജിയോ, ടാറ്റ എന്നീ സ്വകാര്യ ടെലികോം കന്പനികൾ 2020-21 സാന്പത്തിക വർഷത്തിൽ അടയ്ക്കേണ്ടിയിരുന്ന സ്പെക്ട്രം ലേലം ഗഡു തുകയായ 42,000 കോടി രൂപ 2021-22 വർഷത്തേക്ക് നീട്ടിക്കൊടുക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചതിനു പിന്നിൽ പ്രത്യേക താത്പര്യമുണ്ട്.
മോദിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ നവംബർ 20നു ചേർന്ന മന്ത്രിസഭാ യോഗ തീരുമാനത്തിന്റെ കുറിപ്പും സുർജേവാല പത്രസമ്മേളനത്തിൽ പുറത്തുവിട്ടു.
സർക്കാരിനു നൽകാനുള്ള 1.47 ലക്ഷം കോടി രൂപയുടെ എജിആർ തുക അടയ്ക്കാതിരുന്ന സ്വകാര്യ കന്പനികൾക്കെതിരേ നടപടി സ്വീകരിക്കാതിരുന്നതിനു കേന്ദ്ര ടെലികോം വകുപ്പിനോടു സുപ്രീംകോടതി വെള്ളിയാഴ്ച വിശദീകരണം തേടിയിരുന്നു. എന്നാൽ, ടെലികോം കന്പനികളിൽനിന്നു കുടിശികത്തുക പിരിച്ചെടുക്കരുതെന്നും ശിക്ഷാനടപടി സ്വീകരിക്കരുതെന്നും കഴിഞ്ഞ ജനുവരി 23ന് കേന്ദ്രസർക്കാർ ഉത്തരവിറക്കിയിരുന്നുവെന്നു സുർജേവാല ആരോപിച്ചു.
സ്വകാര്യ ടെലികോം കന്പനികൾ 40 മുതൽ 50 ശതമാനം വരെ പ്രീ പ്രെയ്ഡ് നിരക്കുകൾ കൂട്ടാൻ അനുവദിച്ചതിലൂടെ മോദി സർക്കാരും സ്വകാര്യ ടെലികോം മുതലാളിമാരുമായുള്ള കള്ളക്കളി വ്യക്തമാകുന്നു. പുതിയ നിരക്ക് പ്രാബല്യത്തിലായതോടെ മോദി സർക്കാരിന്റെ കാലാവധി തീരുന്പോഴേക്കും രാജ്യത്തെ 112 കോടി പ്രീപെയ്ഡ് മൊബൈൽ ഉപഭോക്താക്കളുടെ പോക്കറ്റിൽ നിന്ന് 1.16 ലക്ഷം രൂപയാണു കൊള്ളയടിക്കപ്പെടുന്നതെന്നു കോണ്‍ഗ്രസ് വക്താവ് വിശദീകരിച്ചു.
ജോർജ് കള്ളിവയലിൽ