ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി 20 ടിക്കറ്റ് വിൽപന ആരംഭിച്ചു
Tuesday, September 20, 2022 1:46 AM IST
തിരുവനന്തപുരം: ഈ മാസം 28ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ -ദക്ഷിണാഫ്രിക്ക ടി 20 ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വിൽപനയുടെ ഉദ്ഘാടനം സുരേഷ് ഗോപി നിർവഹിച്ചു. ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും റീജിയണൽ ബിസിനസ് ഹെഡുമായ എ.ഹരികൃഷ്ണൻ സുരേഷ് ഗോപിയിൽ നിന്നും ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി. ഇന്ത്യാ-ദക്ഷിണാഫ്രിക്ക മാസ്റ്റർ കാർഡ് ടി 20 പരന്പരയിലെ ആദ്യ മത്സരമാണിത്.
1500 രൂപയാണ് അപ്പർ ടയർ ടിക്കറ്റ് നിരക്ക്. വിദ്യാർഥികൾക്ക് 50 ശതമാനം ഇളവ് നൽകും. 750 രൂപയായിരിക്കും വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക്. വിദ്യാർഥികൾക്കുള്ള ഇളവ് ലഭിക്കുന്നതിനായി അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആവശ്യമുള്ള കണ്സഷൻ ടിക്കറ്റുകൾ കേരള ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് നേരത്തെ ബുക്ക് ചെയ്യണം. പവലിയന് 2750 രൂപയും കെസിഎ ഗ്രാൻഡ് സ്റ്റാൻഡിന് ഭക്ഷണമടക്കം 6000 രൂപയുമാണ് നിരക്ക്. ഇന്നലെ രാത്രി 7.30 മുതൽ ഓണ്‍ലൈൻ വഴിയുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു.
ജിഎസ്ടിയും വിനോദ നികുതിയും ഉൾപ്പടെയാണ് ടിക്കറ്റ് നിരക്ക്. ഒരു മെയിൽ ഐഡിയിൽ നിന്നും ഒരാൾക്ക് മൂന്നു ടിക്കറ്റ് എടുക്കാം. ഓണ്‍ലൈൻ വഴി ടിക്കറ്റ് വാങ്ങുന്നതിനായി അക്ഷയ കേന്ദ്രങ്ങളുമായി കെസിഎ ധാരണയിലെത്തി. ആവശ്യക്കാർക്ക് സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങൾ വഴി ടിക്കറ്റ് എടുക്കാം.
ഹോട്ടൽ താജ് വിവാന്തയിൽ നടന്ന ചടങ്ങിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സജൻ കെ. വർഗീസ് അധ്യക്ഷനായി. ചടങ്ങിൽ ഇന്ത്യൻ താരം സഞ്ജു സാംസനെ ആദരിച്ചു. സഞ്ജുവിന്റെ സംഭാവനകളെക്കുറിച്ച് മുഖ്യാതിഥി മുൻ എംപി പന്ന്യൻ രവീന്ദ്രൻ സംസാരിച്ചു. ചടങ്ങിൽ സഞ്ജുവിന്റെ കായിക ജീവിതത്തെക്കുറിച്ചുള്ള ലഘു ചിത്രം പുറത്തിറക്കി.
കെസിഎ പ്രസിഡന്റ് സജൻ കെ. വർഗീസ്, കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സോണി ചെറുവത്തൂർ, ബിസിസിഐ ലെവൽ 3 കോച്ച് ബിജു ജോർജ്, തിരുവനന്തപുരം ചേംന്പർ ഓഫ് കോമേഴ്സ് വൈസ് പ്രസിഡന്റ് രഘുചന്ദ്രൻ നായർ, എൽഎൻസിപി സായി പ്രിൻസിപ്പൽ ജി. കിഷോർ എന്നിവർ സഞ്ജു സാംസനെ അനുമോദിച്ച് പ്രസംഗിച്ചു.
മത്സരത്തിന്റെ ബാങ്കിംഗ് പാർട്ട്ണറായ ഫെഡറൽ ബാങ്കുമായും ടിക്കറ്റിംഗ് പാർട്ണറായ പേടിഎം ഇൻസൈഡറുമായും (Paytmin sider.in) മെഡിക്കൽ പാർട്ട്ണറായ അനന്തപുരി ഹോസ്പിറ്റലുമായും സ്കോറിംഗ് റൈറ്റ് പാർട്ണറായ പെപ്സികോയുമായുള്ള ധാരണാ പത്രങ്ങൾ സഞ്ജു സാംസണ് ചടങ്ങിൽവച്ചു കൈമാറി.
ഇരുടീമുകളും 26ന് തിരുവനന്തപുരത്തെത്തും. കോവളം ലീലാ റാവിസിലാണ് ടീമുകളുടെ താമസം.