നികുതി കുറച്ചു; പൗണ്ട് താണു
Monday, September 26, 2022 11:46 PM IST
ലണ്ടൻ: ബ്രിട്ടീഷ് ട്രഷറി സെക്രട്ടറി കവാസി കർതെംഗ് നികുതി വെട്ടിക്കുറയ്ക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെ ഡോളറുമായുള്ള വിനിയമത്തിൽ പൗണ്ട് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യത്തിലെത്തി. 1.0373 യുഎസ് ഡോളർ നൽകിയാലെ ഒരു പൗണ്ട് ലഭിക്കൂ. രാവിലെ 1.07 ഡോളറായിരുന്നു.
വെള്ളിയാഴ്ച മുതൽ ഇന്നലെ വരെ പൗണ്ടിന്റെ മൂല്യം അഞ്ചു ശതമാനം ഇടിഞ്ഞു. അന്പതു വർഷത്തിനിടെ യുകെ നടത്തുന്ന ഏറ്റവും വലിയ നികുതി കുറയ്ക്കലാണു പ്രഖ്യാപിച്ചിരിക്കുന്നത്. 4500 കോടി പൗണ്ടിന്റെ നികുതി കുറയ്ക്കലാണു ലക്ഷ്യം.
മൂന്നാഴ്ച മുന്പ് ഭരണത്തിലേറിയ ലിസ് ട്രസ് മന്ത്രിസഭ നികുതി വെട്ടിക്കുറയ്ക്കുമെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, നികുതി നിരക്കിൽ ഏർപ്പെടുത്തിയിരിക്കുന്ന കുറവ് രാജ്യത്തിനു വൻ ബാധ്യതയാകുമെന്നും കൺസർവേറ്റീവ് പാർട്ടി ചൂതാട്ടമാണു നടത്തുന്നതെന്നും പ്രതിപക്ഷമായ ലിബറൽ പാർട്ടി പറഞ്ഞു.