ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വില കുത്തനെ വർധിക്കും
Friday, May 19, 2023 12:54 AM IST
ന്യൂഡൽഹി: ഇന്ത്യയിൽ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വിലയുയർന്നേക്കും. ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഫെയിം-2 പദ്ധതിക്കു കീഴിൽ കേന്ദ്രസർക്കാർ ഇലക്ട്രിക് വാഹനനിർമാതാക്കൾക്കു നൽകിവരുന്ന സബ്സിഡി കുറയ്ക്കാൻ ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയം നിർദേശിച്ചതാണു കാരണം.
ഫെയിം-2 പുനരവലോകനത്തിന്റെ ചുമതലയുള്ള കേന്ദ്രസമിതി നിർദ്ദേശം അംഗീകരിച്ചാൽ, നിലവിൽ ഇരുചക്രവാഹനങ്ങൾക്കു നൽകി വരുന്ന 40 ശതമാനം സബ്സിഡി 15 ശതമാനമായി കുറയും. ഇതോടെ സബ്സിഡി പദ്ധതിക്കു കീഴിൽ വരുന്ന എല്ലാ മോഡലുകളുടെയും വില വർധിക്കും.
ഫെയിം-2 പദ്ധതിക്കു കീഴിൽ ആനുകൂല്യം നേടുന്ന ഇലക്ട്രിക് ഇരുചക്ര വാഹനനിർമാതാക്കളുടെ കഴിഞ്ഞ ദിവസം ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയം വിളിച്ചുചേർത്തിരുന്നു. ഒരു കിലോവാട്ട് ബാറ്ററി ശേഷിയുള്ള ഇരുചക്രവാഹനത്തിനു കേന്ദ്ര സർക്കാർ നൽകുന്ന ഡിമാൻഡ് ഇൻസെന്റീവ് 10,000 രൂപയായി നിലനിർത്താനും ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ എക്സ്ഷോറൂം വിലയിലെ സബ്സിഡി 40 ശതമാനത്തിൽനിന്ന് 15 ശതമാനമായി നിജപ്പെടുത്താനും യോഗത്തിൽ തീരുമാനമായതായാണു സൂചന.
മുച്ചക്ര, നാലുചക്ര ഇലക്ട്രിക് വാഹനങ്ങൾക്കുള്ള 1,500 കോടിയുടെ ഉപയോഗിക്കാത്ത സബ്സിഡികൾ ഇരുചക്രവാഹനങ്ങൾക്കു കൈമാറാനും തീരുമാനിച്ചിട്ടുണ്ട്. 2024 മാർച്ച് വരെയാണ് ഫെയിം-2 പദ്ധതിയുടെ കാലാവധി. ഇതിനുശേഷം പദ്ധതി നീട്ടുന്നതു സംബന്ധിച്ചു കേന്ദ്രസർക്കാർ തീരുമാനമെടുത്തിട്ടില്ല. ഫെയിം മൂന്നാം ഘട്ടം പ്രഖ്യാപിക്കാനും നിലവിൽ സാധ്യതയില്ല.
ചുരുക്കിപ്പറഞ്ഞാൽ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള സബ്സിഡി പൂർണമായും നിർത്തലാകാനാണു സാധ്യത.