വിപണിവിശേഷം / കെ.ബി. ഉദയഭാനു
കുരുമുളക് ക്ഷാമം; വിയറ്റ്നാം കയറ്റുമതിക്കാർ ഉത്പന്നത്തിനായി പരക്കം പായുന്നു. വർഷത്തിന്റെ ആദ്യ പകുതിയിൽ ഒന്നര ലക്ഷം ടൺ മുളക് ഷിപ്മെന്റ് നടത്തിയ അവർക്ക് ജൂണിലും ജൂലൈയിലും ലക്ഷ്യം പൂർത്തിയാക്കാനായില്ല. ഓഗസ്റ്റിലെ സ്ഥിതിയും വ്യത്യസ്തമല്ല. നാളികേരോത്പന്ന വിപണി ഒരു മാസമായി നിശ്ചലം. റബർ ടാപ്പിംഗ് രംഗത്തെ ചലനങ്ങൾക്കിടെ ടയർ ലോബി വിദേശ മാർക്കറ്റിലേക്ക് ശ്രദ്ധതിരിച്ചു.
ഒരു വ്യാഴവട്ടത്തിലേറെയായി ആഗോള കുരുമുളക് വിപണിയുടെ ചുക്കാൻ കൈയിലേന്തിയ വിയറ്റ്നാം ചരക്കു ക്ഷാമത്തിന്റെ പിടിയിലേക്ക്. കരുതൽ ശേഖരത്തിലെ വൻ ഇടിവ് മൂടിവയ്ക്കാനുള്ള തത്രപ്പാടിലാണ് വിയറ്റ്നാമിലെ കുരുമുളകു കയറ്റുമതി സമൂഹം. ജനുവരി-ജൂൺ കാലയളവിൽ അവർ 1,52,982 ടൺ കുരുമുളക് വിവിധ വിദേശ രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്തു. ഏകദേശം 2.10 ലക്ഷം ടണ്ണിന്റെ ഉത്പാദനമാണ് വർഷാരംഭത്തിൽ അവർ അവകാശപ്പെട്ടത്.
തന്ത്രം മെനഞ്ഞ് വാങ്ങലുകാർ
ജൂലൈ-ഡിസംബർ കാലയളവിൽ ചുരുങ്ങിയത് ഒരു ലക്ഷം ടൺ കുരുമുളക് ആവശ്യമുണ്ടെങ്കിലും ഇതിന്റെ പകുതി പോലും കണ്ടെത്തുക ശ്രമകരമെന്ന അവസ്ഥയിലാണ്. അതേ സമയം, ആഭ്യന്തര വില ഉയരാതിരിക്കാൻ ഈ വർഷം കയറ്റുമതി ലക്ഷ്യം പുർത്തിയാക്കുമെന്നു പ്രചരിപ്പിച്ച് ഉത്പാദകരിൽനിന്നും കുറഞ്ഞ വിലയ്ക്കു മുളക് തട്ടിയെടുക്കുന്ന തന്ത്രം പതിവുപോലെ വാങ്ങലുകാർ പയറ്റുന്നുണ്ട്. ലോക വിപണിയെക്കുറിച്ച് കാര്യമായ പരിജ്ഞാനമില്ലാത്ത കർഷകർ കുറഞ്ഞവിലയ്ക്ക് ഉത്പന്നം വിറ്റുമാറുകയാണ്.
കയറ്റുമതി മേഖല അഭിമുഖീകരിക്കുന്ന രൂക്ഷമായ കുരുമുളക് ക്ഷാമം അവർ രഹസ്യമായി സൂക്ഷിക്കുകയാണ്. ജൂൺ മുതൽ കയറ്റുമതി ലക്ഷ്യം താളം തെറ്റി. ഓഗസ്റ്റിലെ സ്ഥിതി ഏറെ പരിതാപകരം. വിവരം പുറത്തായാൽ വിദേശ ഓർഡറുകൾ വൻ സാമ്പത്തിക നഷ്ടം വരുത്തുമെന്ന് കയറ്റുമതിക്കാർ. വിയറ്റ്നാം കസ്റ്റംസ് ജനറൽ വിഭാഗത്തിന്റെ കണക്കിൽ ജൂലൈയിലെ കുരുമുളക് കയറ്റുമതി ജൂണിനെ അപേക്ഷിച്ച് 28 ശതമാനം കുറഞ്ഞ് 15,257 ടണ്ണിൽ ഒതുങ്ങി. ജൂണിൽ 21,235 ടൺ കുരുമുളക് മാത്രമാണ് ഷിപ്പ്മെന്റ് നടത്തിയത്. അതായത്, മേയ് അപേക്ഷിച്ച് 26 ശതമാനം കുറവ്.
അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ക്രിസ്മസ്-ന്യൂ ഇയർ ബയിംഗിനുള്ള നീക്കത്തിലാണ്. എന്നാൽ കാർഷിക മേഖലയിൽ സ്റ്റോക്ക് ചുരുങ്ങിയതിനാൽ പുതിയ കരാറുകളിൽ ഏർപ്പെടുന്നതിൽ കയറ്റുമതിക്കാർ ഭയപ്പെടുന്നുണ്ട്. വിയറ്റ്നാമിൽ വില ഉയർന്നാൽ ആഗോള തലത്തിൽ കുരുമുളക് വൻ കുതിച്ചു ചാട്ടം കാഴ്്ചവയ്ക്കും.
കൊച്ചിയിൽ കുരുമുളകു വില സ്റ്റെഡി
ഈ മാസാരംഭം മുതൽ കൊച്ചിയിൽ കുരുമുളകു വില സ്റ്റെഡിയാണ്. തൊട്ടു മുൻ വാരത്തിലെ തളർച്ചയാണ് വിൽപ്പനക്കാരെ പിന്നാക്കം വലിച്ചത്. മുളകിന് എരിവേറുമെന്ന നിലപാടിലാണ് കർഷകർ ചരക്ക് പിടിക്കുന്നത്. അതിന് അവർ നിരത്തുന്ന ന്യായങ്ങൾ വ്യാപാരികൾക്ക് തള്ളിക്കളയാനും പറ്റുന്നില്ല. ഓഗസ്റ്റിലെ കൊടും ചൂടിൽ കൊടികളിൽ വ്യാപകമായി തിരികൾ അടർന്നു വീണതിനാൽ അടുത്ത സീസണിൽ ഉത്പാദനം കുത്തനെ കുറയുമെന്ന നിലപാടിലാണ്. ആഭ്യന്തര ഡിമാൻഡിൽ വില പുതിയ ഉയരങ്ങൾ അടുത്ത വർഷം സ്വന്തമാക്കുമെന്നും അവർ കണക്കുകൂട്ടുന്നു. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് 63,500 ലും ഗാർബിൾഡ് 65,500 ലുമാണ്. ഇന്ത്യൻ മുളകിന്റെ അന്താരാഷ്ട്രനിരക്ക് 8,000 ഡോളറാണ്.
കൊപ്ര സംഭരണം: കണക്കറിയിക്കാതെ സർക്കാർ
പച്ചത്തേങ്ങ സംഭരണ നീക്കത്തെ മലബാർ മേഖല പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു. നാഫെഡിനുവേണ്ടിയാണ് പച്ചത്തേങ്ങ സംഭരണം തുടങ്ങുന്നത്. സംഭരിക്കുന്ന പച്ചത്തേങ്ങ കൊപ്രയാക്കാനും ഏജൻസികളെ ചുമതലപ്പെടുത്തിയതോടെ മാസങ്ങളായി രംഗത്തുണ്ടായിരുന്ന കേരഫെഡ് പിൻമാറും.
സർക്കാർ ഏജൻസി ഇതിനകം എത്ര ടൺ സംഭരിച്ചുവെന്നതു സംബന്ധിച്ച് കണക്കുകൾ ഇനിയും പുറത്തുവന്നിട്ടില്ല.
നമ്മുടെ കൊപ്ര സംഭരണ കണക്കുകളും കൃഷിവകുപ്പ് പുറം ലോകത്തെ അറിയിക്കാതിരിക്കുകയാണ്. ഒരു മാസമായി കൊച്ചിയിൽ നാളികേരോത്പന്നങ്ങളുടെ വില സ്റ്റെഡി. ചിങ്ങമാസത്തിലാണ് കാർഷിക കേരളത്തിന്റെ നട്ടെല്ലായ നാളികേര മേഖലയ്ക്ക് ഈ ദുരവസ്ഥ. ഓണവേളയിലാണ് സംസ്ഥാനത്ത് ഉത്പന്ന വില ഏറ്റവും കൂടുതൽ ഉയരുന്നത്.
കൊപ്ര സംഭരണത്തിലെ ഒത്തുകളികൾ മൂലം ഉയർന്ന വില സ്വന്തമാക്കാനുള്ള കർഷകരുടെ അവകാശങ്ങൾ പോലും കൃഷി വകുപ്പ് കാറ്റിൽ പ്പറത്തി. താങ്ങുവില 10,860 ൽ നിലകൊള്ളുമ്പോൾ 8,150 ന് ഉത്പാദകർ ചരക്ക് വിറ്റുമാറാൻ നിർബന്ധിതരായി. വെളിച്ചെണ്ണ വില 12,500 രൂപ.
മികവു പുലർത്തി ഏലം
ഏലക്ക വീണ്ടും മികവു കാണിച്ചു. ഏലക്ക ലേലത്തിൽ വരവ് ചുരുങ്ങുന്നതും ഉത്സവകാല ആവശ്യങ്ങൾ മുന്നിൽ കണ്ടുള്ള ചരക്ക് സംഭരണവും കണക്കിലെടുത്താൽ നിരക്ക് ആകർഷകമാകാം. കയറ്റുമതി മേഖലയിൽനിന്നുള്ള ആവശ്യക്കാരുടെ പിന്തുണയും വിപണിക്ക് ലഭ്യമാകുന്നുണ്ട്. ഏതാനും ദിവസങ്ങളായി കാർഷിക മേഖലയിൽ നിലനിൽക്കുന്ന മഴ ഏലത്തോട്ടങ്ങൾക്ക് അനുഗ്രഹമായെങ്കിലും ഓഗസ്റ്റിലെ കനത്ത വരൾച്ച ഏലച്ചെടികളിലെ പരാഗണത്തെ ബാധിച്ചതായി ഉത്പാദകർ പറയുന്നു. വാരാവസാനം തേക്കടിയിൽ നടന്ന ലേലത്തിൽ മികച്ചയിനങ്ങൾ കിലോ 2,672 രൂപയിലും ശരാശരി ഇനങ്ങൾ 1,908 രൂപയിലും കൈമാറി.
തടസം നേരിട്ട് റബർ ഉത്പാദനം
പ്രതികൂല കാലാവസ്ഥയിൽ റബർ ഉത്പാദനം പല ഭാഗങ്ങളിലും തടസം നേരിട്ടു. അതേസമയം വെട്ടു നടന്ന തോട്ടങ്ങളിൽ യീൽഡ് ഉയർന്നെങ്കിലും ടയർ ലോബി ഇതിനിടെ ചുവടു മാറ്റിച്ചവിട്ടി. ബാങ്കോക്കിൽ റബർ വില 131 രൂപയിലേക്കു താഴ്ന്നത് അവസരമാക്കി പുതിയ വ്യാപാരങ്ങൾക്ക് അവർ ഉത്സാഹിച്ചു. കൊച്ചിയിൽ നാലാം ഗ്രേഡ് റബർ 14,800 രൂപയിലാണ്. വിപണിയിൽ ഷീറ്റ് ക്ഷാമമുള്ളതിനാൽ സ്റ്റോക്കിസ്റ്റുകളെ ആകർഷിക്കാൻ വാരാവസാനം ശ്രമിച്ചു. അഞ്ചാം ഗ്രേഡ് 143 നും ഒട്ടുപാൽ 96 രൂപയ്ക്കും ശേഖരിച്ചു. ലാറ്റക്സ് 103 രൂപയിൽ തുടരുന്നു.
ജാപ്പനീസ് എക്സ്ചേഞ്ചിൽ റബർ അവധി നിരക്കുകൾ വീണ്ടും ഉയർന്നു. ഡിസംബർ അവധി മുൻവാരത്തിലെ 221 യെന്നിൽനിന്നും 230 ലക്ഷ്യമാക്കി നീങ്ങുമെന്നത് സൂചിപ്പിച്ച് ശരിവച്ച് വാരാന്ത്യം 228 യെന്നിലാണ്. ഇതിനിടെ നിരക്ക് 233 വരെ കയറിയഘട്ടത്തിൽ ഓപ്പറേറ്റർമാർ ലാഭമെടുപ്പിന് ഉത്സാഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.