ആമസോണിൽ റോബോട്ടുകൾ!, തൊഴിൽ നഷ്ടമാകുന്നത് ലക്ഷക്കണക്കിനാളുകൾക്ക്
Wednesday, October 22, 2025 11:43 PM IST
ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് കന്പനികളിലൊന്നായ ആമസോണ്‍, വെയർഹൗസുകളിൽ കൂടുതൽ റോബോട്ടുകളെ ഉപയോഗിക്കാൻ ഒരുങ്ങുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
വെയർഹൗസുകൾ ഓട്ടേമേറ്റാക്കുന്നതോടെ ആയിരക്കണക്കിന് ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകും. കഴിഞ്ഞ ഒരു പതിറ്റാണ്ടായി വെയർഹൗസുകളിൽ റോബോട്ടുകളെ ഉപയോഗിക്കുന്ന കന്പനി ഇതു വിപുലീകരിക്കാനുള്ള നീക്കത്തിലാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പറയുന്നു.
ആമസോണിന്റെ യുഎസ് തൊഴിലാളികളുടെ എണ്ണം 2018 മുതൽ മൂന്നിരട്ടിയായി വർധിച്ച് 12 ലക്ഷമായി ഉയർന്നു. അഞ്ചു ലക്ഷത്തിലധികം ജോലികൾ റോബോട്ടുകളെ ഉപയോഗിച്ച് മാറ്റി സ്ഥാപിക്കുകയാണ് ആമസോണിന്റെ ലക്ഷ്യമെന്ന് റിപ്പോർട്ട് പറയുന്നു.
റോബോട്ടുകളെ ഇറക്കുന്നതോടെ 2027ഓടെ അമേരിക്കയിൽ 1,60,000ത്തിലധികം ആളുകളെ ജോലിക്കെടുക്കുന്നത് കന്പനിക്ക് ഒഴിവാക്കാനാകുമെന്ന് ആമസോണിന്റെ ഓട്ടോമേഷൻ ടീം പ്രതീക്ഷിക്കുന്നു. ഇതിലൂടെ 2025നും 2027നുമിടയിൽ സാധനങ്ങൾ എടുക്കുക, പായ്ക്ക് ചെയ്യുക, വിതരണം ചെയ്യുക പ്രവർത്തനങ്ങളിൽ ഓരോ ഇനത്തിനും ഏകദേശം 30 സെന്റ് വീതം ലാഭിക്കാനാകുമെന്നും പ്രവർത്തനച്ചെലവിൽ 1,260 കോടി ഡോളർ വരെ ലാഭിക്കാൻ ഓട്ടോമേഷന്‍ കഴിയുമെന്നാണ് കരുതുന്നത്.
2033 ഓടെ ആമസോണിൽ വിൽപ്പന ഇരട്ടിയാകുമെന്നും വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി പുതിയ തൊഴിലാളികളെ നിയമിക്കുന്നത് ഒഴിവാക്കാൻ റോബോട്ടിക് ഓട്ടോമേഷനാകുമെന്നും കന്പനി എക്സിക്യൂട്ടിവുകൾ ആമസോണ്‍ ബോർഡിനെ കഴിഞ്ഞ വർഷം അറിയിച്ചിരുന്നു. വർധിച്ച ആവശ്യം നിറവേറ്റുന്നതിന് ആവശ്യമായ ആറു ലക്ഷം തൊഴിലവസരങ്ങൾ റോബോട്ടിക് ഓട്ടോമേഷൻ നടപ്പിലാക്കുന്നതിലൂടെ ഇല്ലാതാകും.
സൂപ്പർഫാസ്റ്റ് ഡെലിവറികൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന കേന്ദ്രങ്ങളിൽ കുറച്ച് ആളുകൾക്ക് മാത്രം ജോലി നൽകുന്ന രീതി പിന്തുടരാനാണ് കന്പനി ഉദ്ദേശിക്കുന്നത്. 75% പ്രവർത്തനങ്ങളും ഓട്ടോമേറ്റ് ചെയ്യുക എന്ന ലക്ഷ്യത്തിലാണ് കന്പനിയുടെ റോബോട്ടിക്സ് ടീമെന്നും റിപ്പോർട്ട് പറയുന്നു.
അതേസമയം റിപ്പോർട്ടുകളിൽ വന്ന വിവരങ്ങൾ അപൂർണമാണെന്നും കന്പനിയുടെ വ്യക്തമായ നിയമന തന്ത്രങ്ങൾ ഇതിൽ ചിത്രീകരിക്കുന്നില്ലെന്നും ആമസോണ്‍ വ്യക്തമാക്കി. വരാനിരിക്കുന്ന അവധിക്കാലത്തേക്കായി രണ്ടര ലക്ഷം പേരെ നിയമിക്കാൻ കന്പനി പദ്ധതി ഇടുന്നുണ്ടെന്ന് ആമസോണ്‍ വക്താവ് കെല്ലി നാന്റൽ പറഞ്ഞു.
ഭാവിയിലെ റോബോട്ടിക് കേന്ദ്രങ്ങൾ
ഭാവിയിലെ റോബോട്ടുകൾ ഉപയോഗിച്ചുളള വെയർഹൗസുകൾക്ക് മാതൃക എന്ന നിലയിൽ കഴിഞ്ഞ വർഷം യുഎസിലെ ലൂസിയാന ഷ്റീവ്പോർട്ടിൽ ഒരു കേന്ദ്രം ആമസോണ്‍ ആരംഭിച്ചിരുന്നു. ഒരു സാധനം പായ്ക്ക് ചെയ്തു കഴിഞ്ഞാൽ മനുഷ്യന്റെ ഇടപെടൽ ഏറ്റവും കുറവാണ് ഈ വെയർഹൗസിൽ. ആയിരത്തോളം റോബോട്ടുകളാണ് ഇവിടെ പ്രവർത്തന സജ്ജമായിട്ടുള്ളത്.
ഓട്ടോമേറ്റഡ് അല്ലാത്ത കേന്ദ്രവുമായി താരതമ്യപ്പെടുത്തുന്പോൾ ഇവിടെ കഴിഞ്ഞ വർഷം 25 ശതമാനം ആളുകളുടെ കുറവാണുണ്ടായത്. 2027 അവസാനത്തോടെ ഷ്റീവ്പോർട്ട് മാതൃകയിൽ 40 കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ആമസോണ്‍.
ഈ സംരംഭം വിർജീനിയ ബീച്ചിൽ അടുത്തിടെ തുറന്ന വെയർഹൗസിൽനിന്നാണ് ആരംഭിക്കുക. കൂടാതെ ആമസോണ്‍ പഴയ കേന്ദ്രങ്ങളെല്ലാം പുതുക്കി പണിയാൻ ആരംഭിച്ചിരിക്കുകയാണ്.
അറ്റ്ലാന്റയിലെ സ്റ്റോണ്‍ മൗണ്ടനിലെ കേന്ദ്രത്തിൽ ഇപ്പോൾ 4000ത്തോളം പേർ ജോലി ചെയ്യുന്നുണ്ട്. റോബോട്ടിക് സംവിധാനം നടപ്പിലാക്കിയാൽ ഇവിടെ 1200ൽ താഴെ ആളുകൾ മാത്രം മതിയാകും.