പട്ടയം ലഭ്യമാക്കൽ : പൂവന്കാവ് കോളനിയിൽ പഞ്ചായത്ത്- റവന്യു സംഘം പരിശോധന നടത്തി
1244087
Monday, November 28, 2022 11:51 PM IST
വെള്ളറട : കുന്നത്തുകാല്‍ പഞ്ചായത്തിലെ വണ്ടിത്തടം പൂവന്കാവ് കോളനിയിൽ പട്ടയം ലഭ്യമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത്, വില്ലേജ്, റവന്യു, ജനപ്രതിനിധി സംഘം പരിശോധന നടത്തി. കുന്നത്തുകാല്‍ വില്ലേജ് ഓഫീസര്‍ റെജി, കുന്നത്തുകാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. കുമാര്‍, നെയ്യാറ്റിന്‍കര താലൂക്ക് ലാന്‍ഡ് അസസ്മെന്റ് കമ്മിറ്റി മെമ്പര്‍ റോബിന് പ്ലാവിള, പഞ്ചായത്ത് അംഗം വണ്ടിത്തടം ജനറ്റ്, റവന്യു ഉദ്യോഗസ്ഥര്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് പൂവന്കാവ് കോളനി സന്ദര്‍ശിച്ചത്.
പട്ടയമില്ലാത്തിനാല്‍ സ്ഥലം കൈമാറാനോ വിവിധ ആവശ്യങ്ങള്‍ക്ക് ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കാനോ കഴിയാത്ത സ്ഥിതി ചൂണ്ടിക്കാട്ടി നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ സി.കെ. ഹരീന്ദ്രന്‍ എംഎൽഎ തഹസില്‍ദാരുമായി ചര്‍ച്ച നടത്തിയിരുന്നു.
ഇതേ തുടർന്ന് ബന്ധപ്പെട്ട അപേക്ഷകളിന്മേല് സ്ഥലത്തിന്റെ പെർഫോര്മ റിപ്പോര്‍ട്ട്, സത്യവാങ്മൂലം, മഹസർ, ലൊക്കേഷന്‍ സ്കെച്ച് എന്നിവ തയാറാക്കി സമര്‍പ്പിക്കാന്‍ തഹാസില്ദാര് വില്ലേജിനു നിര്‍ദേശം നല്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് വില്ലേജ് റവന്യു ജനപ്രതിനിധി സംഘം ഇന്നലെ കോളനിയിലെത്തി പരിശോധന നടത്തിയത്.