പൈപ്പുകൾക്കുള്ളിൽ മാലിന്യ നിക്ഷേപം: നടപടിയെടുക്കാതെ അധികൃതർ
1264359
Thursday, February 2, 2023 11:41 PM IST
പേരൂര്ക്കട: കവടിയാറില് കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കാനിറക്കിയ പൈപ്പുകളിൽ മാലിന്യ നിക്ഷേപിക്കുന്നതായി പരാതി. പൈപ്പ് ലൈൻ റോഡിലാണ് മാലിന്യ നിക്ഷേപം വ്യാപകമായിരിക്കുന്നത്. കുറച്ചുനാൾ മുമ്പ് മാലിന്യം വിലക്കിക്കൊണ്ട് അധികൃതർ ബോർഡുകൾ സ്ഥാപിച്ചിരുന്നുവെങ്കിലും ഫലം കണ്ടില്ല. വളരെയധികം വ്യാസമുള്ള പൈപ്പുകൾക്കുള്ളിൽ പ്ലാസ്റ്റിക് മാലിന്യവും മത്സ്യ, മാംസ അവശിഷ്ടങ്ങളും നിക്ഷേപിക്കുന്നുണ്ട്. ഇടയ്ക്കിടെ നഗരസഭാ അധികൃതർ ഇതു വൃത്തിയാക്കുമെങ്കിലും വീണ്ടും മാലിന്യം നിക്ഷേപിക്കുകയാണ് ്.
രാത്രികാലങ്ങളിലാണ് പ്രധാനമായും മാലിന്യ നിക്ഷേപം. ബൈക്കുകളിലും മറ്റും എത്തുന്നവർ മാലിന്യം നിക്ഷേപിച്ച് കടക്കുകയാണ് ചെയ്തു വരുന്നത്. നിരവധി കുടിവെള്ള പൈപ്പുകൾ കടന്നുപോകുന്ന പ്രധാനപ്പെട്ട റോഡാണ് പൈപ്പ് ലൈൻ റോഡ്. അതുകൊണ്ടുതന്നെ ഈ റോഡിന്റെ ഇരുഭാഗത്തും മനോഹരമായ വൃക്ഷങ്ങൾ വച്ച് അലങ്കരിച്ചിട്ടുണ്ട്. പക്ഷേ പ്രത്യേക സ്ഥലങ്ങളിൽ മാലിന്യ നിക്ഷേപം തുടരുകയാണ്.
മാലിന്യം കുന്നുകൂടുന്നതോടെ ഈ ഭാഗത്ത് ദുർഗന്ധവും വ്യാപകമാകാറുണ്ട്. ഇടയ്ക്കിടെ നഗരസഭാ അധികൃതർ സ്ഥലത്തെത്തി ഈ ഭാഗം വൃത്തിയാക്കുമെങ്കിലും മാലിന്യനിക്ഷേപം തുടരുന്നത് പ്രദേശവാസികൾക്ക് ബുദ്ധിമുട്ടായിട്ടുണ്ട്. പൈപ്പ് ലൈൻ റോഡിലെ മാലിന്യ നിക്ഷേപം സ്ഥിരമായി ഇല്ലാതാക്കുന്നതിനുള്ള നടപടികൾ അധികൃതർ അടിയന്തരമായി സ്വീകരിക്കണമെന്ന് നാട്ടുകാർ പറയുന്നു.