പുറന്പോക്കിൽനിന്ന മരം മുറിച്ചതിനു പോലീസ് കേസ്
1282249
Wednesday, March 29, 2023 11:33 PM IST
പാലോട്: നന്ദിയോട് ആലമ്പാറ ക്ഷേത്രത്തിനു സമീപം റോഡരികിൽനിന്ന മരം മുറിച്ചതുമായി ബന്ധപ്പെട്ട് പാലോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. താലൂക്ക് സർവേയറുടെ റിപ്പോർട്ട് പ്രകാരമാണ് കേസെടുത്തത്. സർക്കാർ വക പുറമ്പോക്കുഭൂമിയിൽ നിന്നിരുന്ന വിലപിടിപ്പുള്ള ആഞ്ഞിലിമരം മുറിച്ചുകടത്തി എന്ന കുറ്റത്തിനാണ് കേസെടുത്തിട്ടുള്ളത്. മരംനിന്ന സ്ഥലത്തിനു സമീപത്തുള്ള വസ്തു ഉടമയ്ക്ക് എതിരേയാണ് കേസെടുത്തത്. എന്നാൽ, വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് പ്രകാരം തന്റെ വസ്തുവിൽത്തന്നെയുള്ള മരമാണെന്ന് പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് തന്നൂവെന്നും അതുപ്രകാരമാണ് മരം മുറിച്ചതെന്നുമാണ് വസ്തു ഉടമ പറയുന്നത്.
മരം മുറിച്ചതിൽ അഴിമതി ആരോപിച്ചു വിവിധ രാഷ്ട്രീയകക്ഷികൾ ആരോപണം ഉന്നയിക്കുന്നുണ്ട്. എത്രയും പെട്ടെന്ന് റീ സർവേ നടപടികൾ പൂർത്തിയാക്കി ശരിയായി അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും തടി ഉരുപ്പടികൾ കണ്ടുകെട്ടണമെന്നും സിപിഐ ലോക്കൽ സെക്രട്ടറി ടി.കെ. വേണുഗോപാൽ പറഞ്ഞു.