തിരുവനന്തപുരം: റഷ്യയുടെ ഓണററി കോണ്‍സുലും തിരുവനന്തപുരം റഷ്യൻഹൗസ് ഡയറക്ടറുമായ രതീഷ് സി. നായർക്ക് റഷ്യൻ പ്രസിഡന്റിന്റെ ഉന്നത ബഹുമതിയായ ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്. രതീഷ് നായർ ഉൾപ്പടെ റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിലെ മൂന്ന് നയതന്ത്രപ്രതിനിധികൾക്ക് ഈ ബഹുമതി നൽകുന്ന ഡിക്രിയിൽ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ഒപ്പിട്ടു. മന്ത്രാലയത്തിലെ മനുഷ്യാവകാശ വകുപ്പ് ഡയറക്ടർ ഗ്രിഗോറി ലുക്യാൻത്സേവ്, അൽബേനിയയിലെ റഷ്യൻ അംബാസഡർ മിഖായിൽ അഫനാസിയേവ് എന്നിവരാണ് ഈ ബഹുമതികൾക്ക് അർഹരായ മറ്റു രണ്ടുപേർ. റഷ്യയുടെ വിദേശകാര്യനയം നടപ്പിലാക്കുന്നതിലും ഇന്തോ-റഷ്യൻ ബന്ധത്തിന് നൽകിയ സംഭാവനയും കണക്കിലെടുത്താണ് ബഹുമതി നൽകുന്നതെന്നും ഡിക്രിയിൽ പറയുന്നു. പ്രസിഡന്റിന്റെ മെഡലുകൾക്കും മുകളിലാണ് ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്. തുർക്ക്മെനിസ്ഥാൻ പ്രസിഡന്റ് സർദാർ ബെർദിമുഹമ്മദവ്, മലേഷ്യൻ മുൻപ്രധാനമന്ത്രി മഹാതീർ മുഹമ്മദ്, കനേഡിയൻ മുൻപ്രധാനമന്ത്രി തുടങ്ങിയവർ ഇതിനു മുന്‍പ് ഓർഡർ ഓഫ് ഫ്രണ്ട്ഷിപ് ലഭിച്ചവരിൽ ഉൾപ്പെടും. റഷ്യയിലെ യുഎഇ അംബാസഡർ മുഹമ്മദ് അൽ ജബാറിന് ഈ വർഷം ഓർഡർ ഓഫ് ഫ്രണ്ട്ഷിപ് ലഭിച്ചിരുന്നു. ഇന്ത്യയിൽ നിന്ന് സാമൂഹികസേവനത്തിനും ഇന്തോ-റഷ്യൻ സൗഹൃദബന്ധത്തിനും നൽകിയ സംഭാവനകളെ മാനിച്ച് ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ, സാംസ്കാരികരംഗത്തെ പ്രവർത്തനങ്ങൾക്ക് മൃണാൾസെൻ എന്നിവർ ഈ ബഹുമതി ലഭിച്ചവരിൽ ഉൾപ്പെടും. 2000 മുതൽ തിരുവനന്തപുരത്തെ റഷ്യൻഹൗസ് ഡയറക്ടറാണ് രതീഷ് സി. നായർ. 2008ൽ റഷ്യ കോണ്‍സുലേറ്റ് തുറന്നപ്പോൾ ഓണററി കോണ്‍സുലായി നിയമിതനായി. റഷ്യൻ പ്രസിഡന്റിന്റെ പുഷ്കിൻ മെഡലും, റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ രണ്ടും സാംസ്കാരിക മന്ത്രാലയത്തിന്റെ ഒന്നും ഉൾപ്പെടെ ആറു മെഡലുകൾ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം പാച്ചല്ലൂർ സ്വദേശിയാണ്.