വ്യാജ സാലറി സർട്ടിഫിക്കറ്റ്: ക്ലർക്കുമാർക്ക് ശിക്ഷ
1375109
Saturday, December 2, 2023 12:37 AM IST
തിരുവനന്തപുരം: വ്യാജ സാലറി സർട്ടിഫിക്കറ്റ് നൽകിയ കേസിൽ മൃഗ സംരക്ഷണ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ തിരുവനന്തപുരം വിജിലൻസ് കോടതി കഠിന തടവിനു ശിക്ഷിച്ചു. മൃഗസംരക്ഷണ വകുപ്പിനു കീഴിൽ തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന തീവ്ര കന്നുകാലി വികസന പദ്ധതി ഓഫീസിലെ ക്ലർക്കുമാരായിരുന്ന ടി. സെൽവരാജ്, എൻ. അജിത്കുമാർ എന്നിവരെയാണു ശിക്ഷിച്ചത്.
സെൽവരാജിനെ മൂന്നു വർഷം കഠിന തടവിനും 10,000 രൂപ പിഴ ഒടുക്കുന്നതിനും എൻ. അജിത്കുമാറിനെ നാലു വർഷം കഠിന തടവിനും 10,000 രൂപ പിഴ ഒടുക്കുന്നതിനുമാണ് ശിക്ഷിച്ചത്. എൻ. അജിത്കുമാറിനെ റിമാൻഡ് ചെയ്തു ജയിലിലടച്ചു.ശ്രീകുമാർ എന്ന സ്വകാര്യ വ്യക്തിക്കു വായ്പ എടുക്കുന്നതിനായി തീവ്ര കന്നുകാലി വികസന പദ്ധതി ഓഫീസിലെ ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ചു വ്യാജ സാലറി സർട്ടിഫിക്കറ്റ് നൽകി.
ഇദ്ദേഹം എസ്ബിഐ എകെജി സെന്റർ ശാഖയിൽ നിന്ന് 4,10,000 രൂപയുടെ വായ്പ എടുക്കുന്നതിനു കൂട്ടുനിന്നതിന്, തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതികളെ ശിക്ഷിച്ചത്.
തിരുവനന്തപുരം യൂണിറ്റ് മുൻ ഡിവൈഎസ്പി എസ്. സുരേഷ് ബാബു രജിസ്റ്റർ ചെയ്ത കേസ് എസ്പി ആർ.ഡി. അജിത്, ഡിവൈഎസ്പി ടി. അജിത് കുമാർ എന്നിവരാണ് അന്വേഷിച്ചത്. എസ്പിയായിരുന്ന എസ്. രാജേന്ദ്രൻ കുറ്റപത്രം സമർപ്പിച്ചു.
പ്രോസിക്യൂഷന് വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ എൽ.ആർ. രഞ്ജിത് കുമാർ ഹാജരായി. ഈ കേസിലെ മറ്റു പ്രതികൾ മരണമടഞ്ഞതിനാൽ ശിക്ഷയിൽ നിന്ന് ഒഴിവാക്കി. സ്വകാര്യ വ്യക്തിയായ ശ്രീകുമാറിനെ വെറുതെ വിട്ടു.