ജെറി അമൽദേവിന് എന്നും സംഗീത യൗവനം: കമൽ
1425253
Monday, May 27, 2024 1:37 AM IST
തിരുവനന്തപുരം: തന്റെ സിനിമകളിൽ ജെറി അമൽദേവിനെ സംഗീത സംവിധായകനാക്കിയിട്ടില്ല എന്നും അതു തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായി കണക്കാക്കുന്നുവെന്നും അതിൽ ക്ഷമ ചോദിക്കുന്നുവെന്നും പ്രശസ്ത സംവിധായകൻ കമൽ. ഇരുപത്തിയാറാമത് കമുകറ അവാർഡ് സംഗീതസംവിധായകൻ ജെറി അമൽദേവിനു സമ്മാനിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കമുകറ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പാളയം ബിഷപ് പെരേര ഹാളിലായിരുന്നു ചടങ്ങ്.
ഫാസിൽ നിർമിച്ച് താൻ സംവിധാനം ചെയ്ത കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന സിനിമയിൽ ജെറി അമൽദേവിനു പാട്ടുകൾ നല്കുവാനാണ് ഫാസിൽ തീരുമാനിച്ചിരുന്നത്. ഇതറിയാതെ താൻ അടുത്ത സുഹൃത്തുകൂടിയായ ഒൗസേപ്പച്ചനു വാക്കു കൊടുത്തുപോയിരുന്നു. പാച്ചിക്കയുടെ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റാക്കിയ ജെറി അമൽദേവിനോടു പാച്ചിക്കയ്ക്കു അടുത്ത ബന്ധമുണ്ടായിരുന്നു. സംവിധായകൻ ഞാൻ ആയതിനാൽ എന്റെ ഇഷ്ടം നടക്കട്ടെ എന്നു പാച്ചിക്ക പറഞ്ഞു.
സംഗീത ജീവിതത്തിൽ ഇന്നും യൗവനം നഷ്ടപ്പെടാത്ത സംഗീത സംവിധായകനാണ് ജെറി അമൽദേവ്. നമ്മുടെ സംഗീതത്തിന്റെ ആത്മാവ് നഷ്ടപ്പെടാതെ തന്നെ സിനിമാഗാനങ്ങളിൽ അദ്ദേഹം പാശ്ചാത്യ സംഗീതം സന്നിവേശിപ്പിച്ചു എന്നും കമൽ വ്യക്തമാക്കി. മലയാള ചലച്ചിത്ര ലോകത്ത് ഏറ്റവും കൂടുതൽ ദാർശനിക ആഴങ്ങളുള്ള ഗാനങ്ങൾ പാടിയത് കമുകറ പുരുഷോത്തമൻ ആണെന്നും കമൽ പറഞ്ഞു.
സ്വന്തം കുടുംബത്തിന്റെ പേരിൽ അറിയപ്പെടുന്ന മലയാളത്തിന്റെ ഒരൊയൊരു ഗായകൻ ആണ് കമുകറ എന്നും കമൽ കൂട്ടിച്ചേർത്തു. ചടങ്ങിൽ കമുകറ ഫൗണ്ടേഷൻ പ്രസിഡന്റ് രാജീവ് ഒഎൻവി അധ്യക്ഷത വഹിച്ചു. പിന്നണി ഗായിക ഡോ. അരുന്ധതി, ബേബി മാത്യു, എസ്. രാജശേഖരൻ നായർ, കമുകറ ഫൗണ്ടേഷൻ രക്ഷാധികാരി ഡി.ചന്ദ്രസേനൻ നായർ എന്നിവർ ആശംസാപ്രസംഗം നടത്തി.
സുശീല ഗോപാലകൃഷ്ണൻ പ്രശസ്തി പത്രം വായിച്ചു. ഫൗണ്ടേഷൻ സെക്രട്ടറിയും കമുകറയുടെ മരുമകനുമായ പി.വി. ശിവൻ സ്വാഗതം ആശംസിച്ചു. കമുകറ പുരുഷോത്തമന്റെ മകൾ ഡോ. ആർ. ശ്രീലേഖ നന്ദി പറഞ്ഞു. തുടർന്ന് നടന്ന ഗാനസന്ധ്യയിൽ സുദീപ് കുമാർ, അപർണ രാജീവ്, സരിത, തുടങ്ങിയവർ കമുകറയുടെയും ജെറി അമൽദേവിന്റേയും ഗാനങ്ങൾ പാടി. കമുകറ ശ്രീകുമാർ പാടിയ ഈശ്വരചിന്തയിതൊന്നേ... എന്ന ഗാനത്തോടെയാണ് ഗാനസന്ധ്യ ആരംഭിച്ചത്.