ഗംഗയാർതോട് പഴയ പാലത്തിലൂടെ അപകടയാത്ര തുടർന്ന് കെഎസ്ആർടിസി
1460200
Thursday, October 10, 2024 7:06 AM IST
വിഴിഞ്ഞം: അപകടങ്ങൾ പതിയിരിക്കുന്ന ഗംഗയാർ തോട് പഴയ പാലത്തിലൂടെ യാത്ര തുടർന്ന് കെഎസ്ആർടിസി. രാജഭരണ കാലത്തോളം പഴക്കമുള്ള പഴഞ്ചൻ പാലത്തിലൂടെയുള്ള യാത്രയ്ക്ക് മറ്റു ഭാരവാഹനങ്ങൾക്കു നിയന്ത്രണമുണ്ടെങ്കിലും കെഎസ്ആർടിസി ബസുകൾക്ക് മാത്രം ബാധകമല്ല. വിഴിഞ്ഞം ഗംഗയാർ തോടിന് കുറുകെ നിർമിച്ചിട്ടുള്ള പാലത്തിലൂടെയാണ് യാത്രക്കാരുടെ ജീവൻ പണയംവച്ചുള്ള കെഎസ്ആർടിസിയുടെ സർവീസ്.
കഷ്ടിച്ച് ഒരു വാഹനത്തിനു കടന്നുപോകാൻ മാത്രം വീതിയുള്ള പാലത്തിന്റെ തൂണുകൾക്കു ബലക്ഷയമുണ്ടെന്ന ആരോപണങ്ങളുമായി നേരത്തെ നാട്ടുകാർ രംഗത്തിറങ്ങിയെങ്കിലും അധികൃതർക്കുമാത്രം കുലുക്കമില്ല. ഒരു വർഷം മുൻപ് പാലത്തിന്റെ കൈവരികൾ തകർന്നു വീണിരുന്നു. പ്രതിഷേധങ്ങൾ ശക്തമായതോടെ കൈവരികൾ സിമന്റു കല്ലുകൾകൊണ്ട് അറ്റകുറ്റപ്പണികൾ നടത്തി ടാറിട്ടുമിനുക്കി ജനത്തിന്റെ കണ്ണിൽ പൊടിയിട്ടു. എന്നാൽ തൂണുകളുടെ കാര്യത്തിൽ ഒരു നടപടിയുമുണ്ടായില്ല.
പാറശാല, പൂവാർ, കാട്ടാക്കട, വിഴിഞ്ഞം ഡിപ്പോകളിൽനിന്ന് തിരുവനന്തപുരത്തേക്കു പോകുന്ന എല്ലാ ബസുകളും ഇതിലൂടെയാണ് കടന്നുപോകുന്നത്. കഷ്ടിച്ച് ഇരുന്നൂറു മീറ്റർ മാറി പുതിയ പാലവും വീതി കൂടിയറോഡുമുണ്ട്. മറ്റെല്ലാ ഭാരവാഹനങ്ങൾ അതുവഴി കടന്നുപോകുന്നുണ്ടെങ്കിലും ദിനംപ്രതി നൂറുകണക്കിന് യാത്രക്കാരുമായി പോകുന്ന കെഎസ്ആർടിസി ബസുകൾക്കു മാത്രം ഇവിടം വൺവേയാണ്.
എന്നാൽ എല്ലാറൂട്ടുകളിൽ നിന്നു വരുന്ന ബസുകളും ഡിപ്പോയ്ക്കുള്ളിൽ കയറുന്നതും ഇറങ്ങുന്നതും ഒരേ വഴിയിലൂടെയാണ്. രാജഭരണ കാലത്തു നിർമിച്ച പാലത്തിൽ വള്ളിപ്പടർപ്പുകൾ നിറഞ്ഞും വൃക്ഷങ്ങളുടെ വേരുകൾ ഇറങ്ങിയും ബലക്ഷയം വർധിച്ചതായി കണ്ടെത്തിയ അധികൃതർ പുതിയ പാലവും കണക്ടിവിറ്റി റോഡും നിർമിച്ചു ഗതാഗതത്തിനു തുറന്നു നൽകിയെങ്കിലും തലസ്ഥാനത്തേക്ക് വരുന്ന കെഎസ്ആർടിസിക്ക് മാത്രമാണു പ്രവേശന നിരോധനം.
സ്വന്തം ലേഖകൻ