നിലന്പൂർ-നായാടംപൊയിൽ മലയോരപാത നവീകരണത്തിന് 80 കോടിയുടെ ഭരണാനുമതി
1226825
Sunday, October 2, 2022 12:24 AM IST
നിലന്പൂർ: മലയോരം വികസന കുതിപ്പിലേക്ക്. നിലന്പൂർ-നായാടംപൊയിൽ മലയോരപാതയുടെ നവീകരണ പ്രവൃത്തിക്ക് 80 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചെന്നു പി.കെ. ബഷീർ എംഎൽഎ. സർവകക്ഷി യോഗം 15 ന് ചാലിയാർ പഞ്ചായത്ത് ഹാളിൽ നടക്കുമെന്നും എംഎൽഎ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന നിലന്പൂർ-നായാടംപൊയിൽ മലയോരപാതയുടെ നവീകരണത്തിനു കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് 80,02,97,906 രൂപ അനുവദിച്ചത്. മൈലാടിപാലം മുതൽ മൂലേപ്പാടം വരെ 11 കിലോമീറ്ററും മൂലേപ്പാടം മുതൽ നായാടംപൊയിൽ വരെ 15 കിലോമീറ്ററും ഉൾപ്പെടെ 26 കിലോമീറ്റർ റോഡാണ് നവീകരണത്തിൽ ഉൾപ്പെടുക. റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നതിനു 15 ന് രാവിലെ 11 ന് ചാലിയാർ പഞ്ചായത്ത് ഹാളിൽ സർവകക്ഷി യോഗം ചേരും. വ്യാപാരികൾ ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിക്കും.
മലപ്പുറം-കോഴിക്കോട് ജില്ലകളുടെ അതിർത്തി ഗ്രാമങ്ങളെ കൂട്ടിയിണക്കുന്ന ഈ മലയോരപാതയുടെ നവീകരണം വലിയ വികസന കുതിപ്പിനു കാരണമാകും. നിലവിലുള്ള റോഡ് വീതി കൂട്ടി നവീകരിക്കുന്നതോടെ ചരക്കു ലോറികൾ, ദീർഘദൂര ബസുകൾ എന്നിവക്കും സർവീസ് നടത്താനാകും. നിലന്പൂരിൽ നിന്നു കോഴിക്കോട്ടേക്കുള്ള ഏറ്റവും ദൈർഘ്യം കുറഞ്ഞ റോഡാണിത്.