മലവെള്ളപ്പാച്ചിലിൽപ്പെട്ട് ആലപ്പുഴ സ്വദേശിയായ പിജി വിദ്യാർഥിനി മരിച്ചു
1227190
Monday, October 3, 2022 10:12 PM IST
കരുവാരക്കുണ്ട്: കേരളാംകുണ്ടിനു സമീപമുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ആലപ്പുഴ സ്വദേശിയായ പിജി വിദ്യാർഥിനി മരിച്ചു. അരൂർ ചന്തിരൂർ മുളക്കൽപറന്പിൽ സുരേന്ദ്രന്റെ മകൾ വർഷ (24) ആണ് മരിച്ചത്. കരുവാരക്കുണ്ട് മഞ്ഞളാംചോലയിൽ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
വർഷയും കുടുംബവും ഞായറാഴ്ചയാണ് കൽക്കുണ്ട്ചേരിയിലെ ബന്ധുവീട്ടിൽ എത്തിയത്. ഇന്നലെ വൈകിട്ട് കുടുംബാംഗങ്ങളുമൊത്ത് മഞ്ഞളാംചോലയ്ക്ക് സമീപത്തെ കൃഷിയിടം സന്ദർശിച്ച് മടങ്ങവെ ചോലയിൽ കുളിക്കാനിറങ്ങിയപ്പോൾ മലവെള്ളപ്പാച്ചിലിൽ പെടുകയായിരുന്നു. കുട്ടികളടക്കമുള്ള മറ്റുള്ളവർ രക്ഷപ്പെട്ടെങ്കിലും ആർഷ പാറക്കല്ലുകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ ചോലയിലൂടെ ഒന്നര കിലോമീറ്ററോളം ഒഴുകിപ്പോയി.
നാട്ടുകാർ നടത്തിയ തെരച്ചിലിൽ കൽക്കുണ്ട് പള്ളിക്ക് പിൻഭാഗത്ത് ചോലയിൽ നിന്നാണ് വർഷയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രിയോടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അമ്മ: സുശീല. സഹോദരി: ആഗ്ര.