നർത്തകികൾ നിറഞ്ഞാടി; സദസ് നിറഞ്ഞു കവിഞ്ഞു
1244659
Thursday, December 1, 2022 12:25 AM IST
തിരൂർ: ഭാരതീയ നൃത്ത രൂപത്തിലെ ഏറ്റവും ശ്രദ്ധേയമായ ഇനമായ ഭരതനാട്യത്തോടെയാണ് ജില്ലാ സ്കൂൾ കലോത്സവത്തിന്റെ മൂന്നാം ദിനം ഉണർന്നത്. പ്രധാനവേദിയായ തിരൂർ ഗവണ്മെന്റ് ബോയ്സ് എച്ച്എസ്എസിൽ രാവിലെ പത്തിനു ആദ്യം ഹൈസ്കൂൾ വിഭാഗം പെണ്‍കുട്ടികളുടെയും പിന്നീട് ഹയർസെക്കൻഡറി വിഭാഗം പെണ്‍കുട്ടികളുടെയും ഭരതനാട്യ മത്സരമാണ് അരങ്ങേറിയത്.
കലാകാരികളെല്ലാം മികച്ച പ്രകടനം തന്നെ കാഴ്ച്ചവച്ചപ്പോൾ ഒന്നാം വേദി ഭാവ, രാഗ, താളങ്ങളാൽ നർത്തകികൾ കലാദർബാറാക്കി മാറ്റി. നിറഞ്ഞുകവിഞ്ഞ സദസിനു മുന്നിലാണ് ഇന്നലെ മത്സരങ്ങൾ നടന്നത്. മത്സരം ആരംഭിക്കാൻ അൽപ്പം വൈകിയെങ്കിലും അതൊന്നും പ്രേക്ഷകരെ ആലോസരപ്പെടുത്തിയില്ലെന്നാണ് ഭരതനാട്യവേദിയ്ക്ക് മുന്നിലെ ജനകൂട്ടം തെളിയിച്ചത്.
പതിനാറു വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ചില മത്സരങ്ങൾ ആരംഭിക്കാൻ വൈകിയത് വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കി. അതേസമയം പ്രേക്ഷക പങ്കാളിത്തം കൊണ്ടു ജില്ലാ സ്കൂൾ കലോത്സവം ആകർഷകമാകുന്നു. മത്സരങ്ങൾ നടക്കുന്ന ഓരോ വേദിയിലും വൻ ജനപങ്കാളിത്തമാണ കാണുന്നത്. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാണ് കലോത്സവം നടക്കുന്നത്.